ഈ മാസം 9, 10 തീയതികളില്‍ രാജ്യവ്യാപകമായി നടത്തുന്ന വാഹനപണിമുടക്ക് കേരളത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍.ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്സാണ് രാജ്യവ്യാപകമായി വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വന്‍കിട ചരക്ക് വാഹനങ്ങളുടെ ഉടമകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരം സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായി ആലോചിച്ചിട്ടില്ല, പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
ഇന്ധന വിലക്കയറ്റം, ജി.എസ്.ടി മൂലമുള്ള പ്രശ്‌നങ്ങള്‍, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനവ് തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്സ് പണിമുടക്കിനാഹ്വാനം ചെയ്തിട്ടുള്ളത്.
അതേസമയം അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോട് ട്രേഡ് യൂണിയനുകള്‍ യോജിക്കുന്നുണ്ടെന്ന് ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ( സിഐടിയു) സംസ്ഥാന ട്രഷറര്‍ കെ ജയരാജന്‍ വ്യക്തമാക്കി. അതേസമയം പണിമുടക്കില്‍ കേരളത്തിലെ ലോറികളും പങ്കെടുക്കുമെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ വ്യക്തമാക്കി.കേരളത്തിലെ ബസ്, ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും എതിര്‍ക്കുന്നില്ല. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ സംഘടനകളും വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നുണ്ട്.