Skip to main content

ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ബയോ വെപ്പണ്‍ പരാമര്‍ശത്തിന്റെ പേരില്‍ ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കവരത്തി പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ആയിഷ സുല്‍ത്താന രംഗത്തെത്തി. തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല താന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത് എന്ന് ആയിഷ സുല്‍ത്താന പ്രതികരിച്ചു. ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത് എന്നും ആയിഷ ഫേസ്ബുക്കില്‍ കുറിച്ചു. ആയിഷയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ലക്ഷദ്വീപ് വിഷയത്തിലെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് ആയിഷ സുല്‍ത്താന ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയത്. ബയോവെപ്പണ്‍ ആരോപണം ഉന്നയിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് എതിരെ ആണെന്നും അല്ലാതെ രാജ്യത്തിനോ സര്‍ക്കാരിനോ എതിരെ അല്ലെന്നും ആയിഷ സുല്‍ത്താന വ്യക്തമാക്കുന്നു. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടായിരുന്നു ആയിഷ സുല്‍ത്താന ബയോ വെപ്പണ്‍ ആരോപണം ഉന്നയിച്ചത്.

ആയിഷയുടെ പ്രതികരണം:  

F.I.R ഇട്ടിട്ടുണ്ട്. രാജ്യദ്രോഹ കുറ്റം. പക്ഷെ സത്യമേ ജയിക്കൂ... കേസ് കൊടുത്ത ബി.ജെ.പി നേതാവ് ലക്ഷദ്വീപുകാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും. നാളെ ഒറ്റപെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാര്‍ ആയിരിക്കും. ഇനി നാട്ടുക്കാരോട്: കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്... ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ് ഭയം... തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്...''