Skip to main content

കൊവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികള്‍ നിറഞ്ഞ ഒരു വര്‍ഷം കടന്നു പോകുകയാണ്. ലോകമെങ്ങും പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ശുഭപ്രതീക്ഷയോടെയാണ് എല്ലാവരും പുതുവര്‍ഷത്തെ ഉറ്റുനോക്കുന്നത്. 

ലോകത്തെ ഏറ്റവും വലിയ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. ജനുവരി 2 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. 

ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തെ ഡ്രൈറണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഡ്രൈറണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി വ്യക്തമായതിനെ തുടര്‍ന്നാണ് എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈറണ്‍ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

പുതുവര്‍ഷം എല്ലായിപ്പോഴും ആഘോഷത്തിന്റെ വേളയാണ്. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ കടന്നു പോകുന്ന അസാധാരണമായ ഈ സാഹചര്യത്തില്‍ പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായുള്ള ആള്‍ക്കൂട്ടം കര്‍ശനമായും ഒഴിവാക്കേണ്ടതുണ്ട്. ഇത് രോഗാതുരത ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണെന്ന് മനസ്സിലാക്കി കരുതലോടെയും ജാഗ്രതയോടെയും മുന്നോട്ട് പോകുക.