ബ്രാന്‍ഡിങ്ങിന്റെ ഒരു പ്രാഥമിക പാഠമുണ്ട്. ടാഗ് ലൈന്‍ പരമാവധി അര്‍ത്ഥരഹിതമാക്കുക. എന്ത് അര്‍ത്ഥവും നല്‍കാം എന്നതാണിതിന്റെ സൗകര്യം. ഉദാഹരണത്തിന് ഇന്ന് പത്രങ്ങളുടെയെല്ലാം മുന്നില്‍ കണ്ട ശീമാട്ടിയുടെ പരസ്യത്തിലെ ‘the queen of silks’ എന്ന വാചകം. ഏതു ജൌളിക്കടയ്ക്കും ഇങ്ങനെ അവകാശപ്പെടാവുന്നതെയുള്ളൂ. അതേസമയം നിങ്ങള്‍ അല്ല, ഞങ്ങള്‍ ആണ് റാണി എന്ന് അവകാശപ്പെട്ട് ആരും വരികയുമില്ല.
ശീമാട്ടിയെ പോലുള്ളവരും സ്പോണ്‍സര്‍ ചെയ്യുന്ന വനിതാ ദിനവും ഇതുപോലെ തന്നെ അര്‍ത്ഥരഹിതമായ ഒരു രാഷ്ട്രീയ ബ്രാന്‍ഡ് ആണെന്ന് പറയാതെ വയ്യ. അങ്ങിനെ ഒരു ബ്രാന്‍ഡ് ആയതുകൊണ്ടാണ് സത്യത്തില്‍ ശീമാട്ടിയെ പോലുള്ളവര്‍ക്ക് ഇത്തരം സ്പോണ്‍സറിംഗ് സാധ്യമാകുന്നത് തന്നെ.
എല്ലാ ദിനവും വനിതാ ദിനമാണെന്ന് പ്രബുദ്ധരാകാം. സ്ത്രീ ശാക്തീകരണ മന്ത്രങ്ങള്‍ ഉരുക്കഴിക്കാം. പക്ഷെ, ടോക്കണിസം സ്ത്രീയെ സഹായിക്കുകയല്ലെന്ന് മാത്രം മറക്കാതിരിക്കുക. ഗതാഗത സൌകര്യങ്ങള്‍ പരിമിതവും വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ ഏറെക്കുറെ ശൂന്യവുമായിരുന്ന ഒരു കാലത്ത് യൗവ്വനയുക്തയായ ഒരു സ്ത്രീ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നു. അവര്‍ പിന്നീടു കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായി. ഗൗരിയമ്മ, പക്ഷെ, ഒരു മഹിളാ നേതാവായിരുന്നില്ല. ഇന്ന് നാം ജീവിക്കുന്ന സമൂഹം ഗൗരിയമ്മമാരെ സൃഷ്ടിക്കുന്നില്ല. വനിതാ ദിനങ്ങളും ഗൗരിയമ്മമാരെ സൃഷ്ടിക്കുന്നില്ല.
ആഘോഷിക്കപ്പെടേണ്ട സ്ത്രീകളുണ്ട്. ഗൗരിയമ്മ തന്നെ ഉദാഹരണം. ഓര്‍മിക്കപ്പെടേണ്ട സ്ത്രീകളുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വരികള്‍ക്കിടയില്‍ വായിച്ചാല്‍ മതി. ഇന്ത്യയിലെയെന്നല്ല പുരുഷന്മാര്‍ പൊരുതി നേടിയതോ വീണതോ ആയ ഏതു സമര ചരിത്രത്തിന്റെയും വരികള്‍ക്കിടയില്‍. ഇവര്‍ നമ്മുടെയൊക്കെ ജീവിതത്തെ നിര്‍ണ്ണയിച്ചവരാണ്. അവരെ കാണാത്ത, മറന്ന സമൂഹമായി മാറി നമ്മള്‍. അവരെ ഓര്‍ത്തെടുക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നില്ല, ഇപ്പോഴും നമ്മള്‍. അത് തന്നെയാണ് രോഗഗ്രസ്ഥമായ മനസ്സുമായി സ്ത്രീയെ സമീപിക്കുന്ന ഒരു സമൂഹമായി നമ്മള്‍ വീണുപോയത്.