Skip to main content
‘കൃഷിയെന്ന ഒരു സംസ്കാരമേ എനിക്കറിയൂ’ -സര്‍ദാര്‍ പട്ടേല്‍  

 

ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച, 2013-14 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഒരുപക്ഷെ അറിയപ്പെടുക, പെന്‍ഷന്‍ പ്രായം അറുപതാക്കാന്‍ എടുത്ത തീരുമാനത്തിന്റെ പേരില്‍ ആയിരിക്കും. എങ്കിലും ബജറ്റിന്റെ പ്രധാന ബിന്ദുവായി വിശേഷിപ്പിക്കപ്പെടുന്നത് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനു വേണ്ടി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളാണ്. കര്‍ഷകര്‍ക്ക് കൊടുക്കുന്ന ആശ്വാസം കൃഷിക്ക് രക്ഷയാകുമോ എന്നു ചോദിച്ചാല്‍, ബജറ്റില്‍ പക്ഷെ, ഉത്തരങ്ങളില്ല.

 

കേരളത്തില്‍ കൃഷി തകരുകയാണ് എന്ന കാര്യം ഇനി ആരെയും തെളിയിച്ചു കാണിക്കേണ്ട കാര്യമില്ല. ബജറ്റിനു തലേ ദിവസം പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഏറ്റവും പുതിയ കണക്കുകള്‍ ഇക്കാര്യത്തില്‍ നല്‍കുന്നു. ദേശീയ ശരാശരികളെ കവച്ചു വെച്ച് 9 ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച കേരളം കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയപ്പോള്‍  കാര്‍ഷിക മേഖലയില്‍  മുന്‍വര്‍ഷത്തേക്കാളും 1.6 ശതമാനം തളര്‍ച്ചയാണുണ്ടായത്. ഒറ്റവര്‍ഷം ഇല്ലാതായത് 7000 ത്തിലധികം ഹെക്ടര്‍ കൃഷിഭൂമി. കൃഷി കേരളത്തില്‍ ഒരു ദുരന്തചിത്രം ആയി മാറുകയാണ്. എന്നാല്‍ കര്‍ഷകന് നല്‍കുന്ന നഷ്ടപരിഹാരങ്ങള്‍ കൃഷിയെ നിലനിര്‍ത്തില്ല എന്നത് വ്യക്തമാണ്. കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കുറവ് അതാണ്‌ കാണിക്കുന്നത്. മാത്രവുമല്ല, ഇത്തരം ആശ്വാസ നടപടികള്‍ കൃഷിയില്‍ നിന്നുള്ള പിന്‍മാറ്റത്തിന് പ്രേരകമാകുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്. കേവലം കര്‍ഷകര്‍ക്ക് അതിജീവിക്കാവുന്ന വെല്ലുവിളികള്‍ അല്ല കൃഷി നേരിടുന്നത്.  കേരളം ഇനി കൃഷി ചെയ്യേണ്ടതില്ല എന്ന മൊണ്ടെക് സിങ്ങ് അലുവാലിയയുടെ പ്രസ്താവന ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്.

 

കൃഷി ചെയ്യാനാവാത്ത ഒരവസ്ഥ കേരളത്തില്‍ വന്നിരിക്കുന്നു എന്ന യാഥാര്‍ഥ്യം നമ്മള്‍ അംഗീകരിക്കണം. കര്‍ഷകന്റെ സാമൂഹ്യ പദവിയും ഭൂമിയുടെ കിടപ്പും ഗള്‍ഫ് പണവും നവ ഉദാരീകരണ നയങ്ങളുമൊക്കെ  അതിന്റെ കാരണങ്ങളായി അണിനിരത്താം.  പക്ഷെ, കൃഷി ഇല്ലാതാകുക എന്നത് അനുവദിക്കാനാകുന്ന ഒന്നല്ല. ഒരു കാരണവശാലും. ചരിത്രത്തില്‍ നാഗരികതകളെ രൂപപ്പെടുത്തിയതും  സംസ്ക്കാരത്തിന്റെ സവിശേഷതകള്‍ നിശ്ചയിച്ചതും കൃഷിയാണ്.  കൃഷിയുടെ തകര്‍ച്ച സാമൂഹ്യപ്രശ്നമായി തന്നെ തിരിച്ചറിയണം. അതിനു തുടര്‍ച്ചയായി കൃഷിയെ എങ്ങിനെ സമൂഹത്തിന്റെ കേന്ദ്ര പ്രവര്‍ത്തനമാക്കാം എന്ന ദിശയിലുള്ള അന്വേഷണങ്ങള്‍ സര്‍ക്കാറിന്റെ മുന്‍ഗണനയില്‍ വരണം. ഈ കൃഷി മണ്ണിനെയും വെള്ളത്തെയും ഹനിക്കാത്തതാകണം.  ഇന്ന് കേരളം നേരിടുന്ന സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങള്‍ ‘ഹരിത വിപ്ലവ’ത്തിന്റെ ഉപോല്‍പ്പന്നമാണ് എന്നത് മറക്കരുത്. ഈ അന്വേഷണങ്ങള്‍ക്ക് ദ്വിമുഖമായ ഒരു രീതി അവലംബിക്കണം. നമ്മുടെ പരിധിക്കു പുറത്ത് ഉടലെടുക്കുന്ന വെല്ലുവിളികളെ ദീര്‍ഘകാല അടിസ്ഥാനത്തിലും പ്രാദേശികമായ വെല്ലുവിളികളെ ഹൃസ്വകാല അടിസ്ഥാനത്തിലും പ്രായോഗിക തലത്തില്‍ നേരിടണം.

 

ഉദാഹരണത്തിന് പരമ്പരാഗത സങ്കല്പത്തിലുള്ള വന്‍കൃഷിയിടങ്ങളിലെ കൃഷി ഇനി കേരളത്തില്‍ അസാധ്യമാണ്. എന്നാല്‍ തുണ്ടുഭൂമികളെ കൂട്ടിയിണക്കുന്നത് ഇന്ന് അസാധ്യവുമല്ല. ഉപഗ്രഹ സാങ്കേതികത ഉപയോഗിച്ച് കേരളത്തില്‍ എത്ര ഹെക്ടര്‍ തുണ്ട് ഭൂമികള്‍ ഉണ്ടെന്ന് കണ്ടെത്തുക ഒട്ടും പ്രയാസമില്ല. ഓരോ വീടിന്റെ  മതില്‍ക്കെട്ടിനകതത്തും എത്ര സ്ഥലം ലഭ്യമാണെന്ന് തിട്ടപ്പെടുത്താന്‍ ഗൂഗിള്‍ എര്‍ത്തിന്റെ സഹായം തന്നെ ധാരാളം. വര്‍ത്തമാനസാഹചര്യത്തില്‍ കൊച്ചുതുണ്ടുഭൂമികള്‍ പച്ചക്കറിക്കൃഷിക്ക് ഉപയുക്തമാക്കാന്‍ കഴിയുന്നതാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിലാളി ലഭ്യത കേരളത്തില്‍ ഇപ്പോഴും ക്രിയാത്മകമായല്ല ഉപയോഗിക്കപ്പെടുന്നത്. ഈ മാനവശേഷിയെ എങ്ങിനെ തുണ്ടുഭൂമി പച്ചക്കറിക്കൃഷിയുമായി ബന്ധിപ്പിക്കാം എന്നാലോചിച്ചാല്‍ കുടുംബശ്രീ പോലുള്ള സംവിധാനങ്ങളുമായി കൂട്ടിയിണക്കി ഫലവത്തായ രീതിയില്‍ പച്ചക്കറിക്കൃഷി സാധ്യമാക്കാവുന്നതാണ്. കുറഞ്ഞ പക്ഷം മഴക്കാലമൊഴികെയുള്ള സമയത്തെങ്കിലും പച്ചക്കറിയില്‍ സ്വയം പര്യാപ്തത നിഷ്പ്രയാസം കേരളത്തിന് സ്വായത്തമാക്കാന്‍ കഴിയും. ഇതൊരു പുതിയ സംസ്‌കാരത്തിനും കേരളത്തില്‍ വഴിവയ്ക്കും. തൊഴിലുറപ്പു പദ്ധതിയിലൂടെ ലഭ്യമാകുന്ന  അധ്വാനശേഷിയെ പ്രയോജനപ്പെടുത്തി എങ്ങിനെ നിലവിലുള്ള നെല്‍കൃഷി നിലനിര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യാമെന്ന്  ആലോചിക്കാവുന്നതാണ്.

 

ഇത്തരത്തിലുള്ള ശ്രമങ്ങളൊന്നും തന്നെ ബജറ്റില്‍ നിഴലിക്കുന്നില്ല. ഇത്തരത്തിലുള്ള സൂക്ഷ്മ-സ്ഥൂല പദ്ധതി ആവിഷ്‌ക്കരണങ്ങളിലൂടെ മാത്രമേ കേരളത്തിന്റെ കാര്‍ഷിക മേഖലയെ നിലനിര്‍ത്താനും വികസിപ്പിക്കാനും സാധ്യമാവുകയുള്ളൂ.