കേരളത്തിലെ ഉന്നത നീതിപീഠമാണ് കേരള ഹേക്കോടതി. നീതിയിലുള്ള പ്രതീക്ഷ കൊണ്ടാണ് ജനങ്ങൾ മറ്റു മാർഗ്ഗങ്ങൾ തേടാതെ ജനായത്ത സംവിധാനങ്ങളിൽ വിശ്വാസമർപ്പിക്കുന്നത്. കേരള ഹൈക്കോടതി ഇപ്പോൾ ബാഹ്യശക്തികളുടെ കൈകളിൽ പെട്ടിരിക്കുന്നുവെന്ന് ധാരണ പൊതുസമൂഹത്തിൽ പ്രബലമായിരിക്കുന്നു. ഇതിനുത്തരവാദി ഹൈക്കോടതി ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരുമാണ്. അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് രണ്ടു തവണ ചീഫ് ജസ്റ്റിസ് മാധ്യമ മേധാവികളുമായി ചർച്ച നടത്തി. രണ്ടാമത്തെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സെപ്തംബര്‍ 30-ന് മാധ്യമ പ്രവർത്തകർ ഹൈക്കോടതിയിൽ വാർത്ത ശേഖരിക്കാനായി പോയത്. ഒടുവിൽ വനിതാ മാധ്യമപ്രവർത്തകരടക്കമുള്ളവർക്ക് പോലീസ് സംരക്ഷണയോടു കൂടിയേ കോടതിവളപ്പിൽ നിന്ന് പുറത്തു കടക്കാനായുള്ളു. ഒരു വിഭാഗം അഭിഭാഷകർ മാധ്യമപ്രവർത്തകരെ തല്ലുമെന്ന് പ്രഖ്യാപിച്ചതാണ് ഈ സാഹചര്യമുണ്ടാക്കിയത്.
ഈ പശ്ചാത്തലത്തിലാണ് കേരളാ പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചത്. ഈ പ്രശ്‌നം കേരള ഹൈക്കോടതിയിൽ പരിഹരിക്കാവുന്നതല്ലേ ഉള്ളൂവെന്ന് സുപ്രീം കോടതി ആരായുകയുണ്ടായി. എന്നാല്‍ വിഷയത്തില്‍ സ്വമേധയാ ഇടപെട്ടിട്ടിട്ടും രണ്ട് മാസമായി കേരള ഹൈക്കോടതി ഇതില്‍ വാദം കേട്ടിട്ടില്ലെന്ന് പത്രപ്രവർത്തക യൂണിയന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ ബോധിപ്പിച്ചു. തുടർന്ന് വിജയദശമി അവധിക്കു ശേഷം കേസ്സിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി തീരുമാനിച്ചിരിക്കുകയാണ്. ഇതിനർഥം കേരള ഹൈക്കോടതിക്ക് ഈ വിഷയം കൈകാര്യം ചെയ്യാൻ പറ്റില്ലെന്നുള്ളത് ഭാഗികമായി അംഗീകരിക്കപ്പെടുകയാണ്.
ഈ പ്രശ്‌നത്തിൽ കേരള ഹൈക്കോടതിയിലെ ഒരു മുതിർന്ന അഭിഭാഷന്റെ താൽപ്പര്യമാണ് പ്രവർത്തിക്കുന്നതെന്ന് ഏവർക്കുമറിയാവുന്ന സംഗതിയാണ്. അതിനാലാണ് ചീഫ് ജസ്റ്റിസ് വിളിച്ചു ചേർത്ത ഒരു ചർച്ചയിൽ അഡ്വ. എം.കെ ദാമോദരൻ പങ്കെടുത്തത്. അദ്ദേഹവും കേരള മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധവും ഏവർക്കുമറിയാവുന്നതാണ്. ആഴ്ച തോറുമുള്ള ക്യാബിനറ്റ് യോഗം കഴിഞ്ഞ് മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ കാണുന്ന കീഴ്വവഴക്കം ഉപേക്ഷിക്കാനുള്ള തീരുമാനവും ദാമോദരന്റെ നിർദ്ദേശപ്രകാരമാണുണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്തായാലും മാധ്യമങ്ങളുമായി സുഖകരമായുള്ള ബന്ധമായിരിക്കില്ല ഈ സർക്കാരിനെന്നുള്ളത് കോഴിക്കോട്ട് ഏഷ്യാനെറ്റ് പ്രതിനിധിയെ പോലീസ് അറസ്റ്റ് ചെയ്തതിലൂടെയും വ്യക്തമാക്കപ്പെട്ടു.
ഈ സർക്കാർ അധികാരത്തിലേറി അധികം വൈകും മുൻപാണ് ഒരുപിടി പ്രധാനപ്പെട്ട നിയമനങ്ങൾ സ്വജനപക്ഷപാതവും പക്ഷപാതിത്വപരവുമാണെന്ന് വെളിവായത്. ഈ പശ്ചാത്തലത്തിൽ പല സംഗതികളും കോടതികളിലെത്തുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ കോടതി പരാമർശങ്ങൾ ജനങ്ങളിലെത്താതിരിക്കാൻ മാധ്യമങ്ങളെ കോടതിമുറികളിൽ എത്തിക്കാതിരിക്കുക എന്നത് സ്ഥാപിത താൽപ്പര്യങ്ങളുടെ സംരക്ഷണത്തിന് ഉതകുന്നതാണ്. ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷ സമരങ്ങളെ പ്രതിരോധിച്ചുനിന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി രാജി വെക്കാന്‍ നിര്‍ബന്ധിതനായത് സീസറിന്റെ ഭാര്യ പോലും സംശയത്തിന് അതീതയിരിക്കണം എന്ന രാഷ്ട്രീയ ധാര്‍മികത ഹൈക്കോടതി ഒരു പരാമര്‍ശത്തിലൂടെ ഓര്‍മ്മിപ്പിച്ചപ്പോഴാണ്. ആ പരാമര്‍ശം അക്ഷരാര്‍ത്ഥത്തില്‍ വീണ്ടും പ്രസക്തമാകുന്ന സന്ദര്‍ഭത്തിനാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
മാത്രവുമല്ല, കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് പോലും പ്രസക്തിയില്ലാതെ വരുമ്പോൾ സാധാരണ ജനങ്ങൾക്ക് എത്രമാത്രം കേരളത്തിൽ നീതി പ്രതീക്ഷിക്കാൻ കഴിയും? പ്രത്യേകിച്ചും, സുപ്രീം കോടതിയിലേക്കു പോകാൻ കഴിയുന്നവർ വളരെ ചുരുക്കമാണെന്നിരിക്കെ. ഈ പശ്ചാത്തലത്തിൽ ബാഹ്യശക്തിയുടെ പിടിയിലല്ല കേരള ഹൈക്കോടതിയെന്ന് വ്യക്തമാക്കേണ്ടതിന്റെ ചുമതല ചീഫ് ജസ്റ്റിസ്സിനു തന്നെയാണ്. അല്ലാത്ത പക്ഷം സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും സംശയങ്ങളും ദുരൂഹതകളും വളരെ വലുതായിരിക്കും. ബാഹ്യശക്തികൾക്ക് ഹൈക്കോടതിയിൽ സ്വാധീനമുണ്ടെന്ന ധാരണ പരക്കുന്ന പക്ഷം അത്തരം ശക്തികളിലൂടെ നിയമത്തിന്റെ കുരുക്കുകളിൽ നിന്ന് രക്ഷപെടാൻ അധമ -അധോലോക ശക്തികൾ അതീവ ജാഗ്രത കാട്ടുകയും ചെയ്യും. ഇത് സമൂഹത്തിൽ ഉളവാക്കുന്ന പ്രത്യാഘതങ്ങളിൽ പ്രധാനം അധോലോകത്തിന്റെ ശക്തിയാർജ്ജിക്കലായിരിക്കും. ഇപ്പോൾ തന്നെ ദേശസാൽകൃത ബാങ്കുകൾ പോലും തങ്ങളുടെ വായ്പകൾ തിരിച്ചു പിടിക്കുന്നതിന് അത്തരം ശക്തികളെ ഉപയോഗിക്കുന്നുണ്ടെന്നുള്ളത് കോടതിയുടെ ശ്രദ്ധയിൽ വന്നിട്ടുള്ളതാണ്.