ശിവഗിരി മഠത്തിന് രാഷ്ട്രവുമായി ബന്ധപ്പെടുന്നതെല്ലാം രാഷ്ട്രതാൽപ്പര്യം മുൻനിർത്തി കൈകാര്യം ചെയ്യുന്നതാണ് രാഷ്ട്രീയമെന്ന് ലളിതമായി പറയാം. എന്നാൽ രാഷ്ട്രീയത്തെ അതു കൈകാര്യം ചെയ്യുന്ന രാഷ്ട്രീയക്കാരേയും അവരുടെ പ്രവൃത്തിയേയും വിലയിരുത്തിക്കൊണ്ട് അറിയാൻ ശ്രമിച്ചാല്‍ ഒരു പ്രശ്നമുണ്ട്. ഏതു വഴിവിട്ട വിധേനെയും അധികാരവും ധനവും സമ്പാദിക്കാനുള്ള ഉപരിലോകമാർഗ്ഗമായി വിലയിരുത്തപ്പെട്ട് ഇന്ന്‍ രാഷ്ട്രീയത്തിന് വിപരീതാർഥം കൈവന്നിട്ടുണ്ട്. എന്നിരുന്നാലും രാഷ്ട്രീയം രാഷ്ട്രമുള്ളിടത്തോലം കാലം ഉണ്ടായേ പറ്റു. ഒന്നിൽ നിന്ന് വേറിട്ട് ഒന്നിനും നിലനിൽപ്പില്ല എന്ന രാഷ്ട്രീയത്തിന്റെ ആത്മാവ് കണ്ടെത്തിയ ശ്രീനാരായണഗുരുവിനാൽ സ്ഥാപിതമായ ശിവഗിരി മഠത്തിന് ഗുരു തെളിച്ച പാതയിലൂടെ പ്രയാണം തുടരാൻ പലപ്പോഴും കഴിയാതെ വന്നിട്ടുണ്ട്. അതിൽ കാലത്തിന്റെ കൈകടത്തലുണ്ടാവാം. വേണമെങ്കിൽ അതിനെ സ്വഭാവികമായി തന്നെ കാണുകയും ചെയ്യാം. പൊതുജീർണ്ണതയിൽ നിന്ന് സമ്പൂർണ്ണമായി മാറിനിന്നുകൊണ്ട് ആ ജീർണ്ണതയെ സർഗ്ഗാത്മകമാക്കി പരിവർത്തിപ്പിക്കുന്നതിന് മഠത്തിന് കഴിയാതെ പോയത് അതുകൊണ്ടാണ്. ഗുരുവിൽ നിന്ന് അനുദിനം അകലുന്ന ശിവഗിരി മഠത്തെയാണ് പൊതുസമൂഹത്തിന് പലപ്പോഴും വർത്തമാനകാലത്തിൽ കാണാൻ കഴിഞ്ഞിരുന്നത്.
എന്നാൽ, ശിവഗരി മഠത്തിന്റെ ആത്മാവ് പൂർണ്ണമായും നശിച്ചിട്ടില്ലെന്ന് മഠം ബോധ്യപ്പെടുത്തിയിരിക്കുന്നു. അതാണ് മദ്യനയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനു വിരുദ്ധമായി മദ്യനിരോധനത്തെ അനുകൂലിച്ചുകൊണ്ട് മഠം രംഗത്തെത്തിയിട്ടുള്ളത്. ഇത് മഠം ഗുരുദർശനങ്ങളിലേക്ക് മടങ്ങിപ്പോകുന്നു എന്നതിന്റെ ശുഭസൂചനയായി ന്യായമായും കാണാവുന്നതാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലേക്ക് മദ്യവ്യവസായികളും അതുമായി ബന്ധപ്പെട്ടുനിൽക്കുന്നവരും വന്നതു തന്നെ ഗുരു തുടങ്ങിവച്ച നവോത്ഥാനോർജം നഷ്ടപ്പെടുകയും അതുവഴി സമൂഹം ജീർണ്ണതയിലേക്കു നീങ്ങിയതിന്റേയും തെളിവാണ്. മദ്യവ്യവസായവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധമാണ് രാഷ്ട്രീയം എന്ന പദത്തിനും വിപരീതാർഥം കൈവരാൻ കാരണമായത്.
ഗുരു വഴികാട്ടിയതിന്റെ എതിർ ദിശയിലേക്ക് സമൂഹത്തെ കൊണ്ടുപോകണമെന്ന് എസ്.എൻ.ഡി.പി യോഗം വാശിപിടിക്കുമ്പോൾ അതിന് നേതൃത്വം നൽകുന്നവരോട് കലഹിച്ച് ഉള്ള ഊർജം നഷ്ടമാകാതെ മാറിനിൽക്കുന്ന ദീപ്തമായ ഗുരുമുഖം ഭാവനയിൽ ആർക്കും കാണാവുന്നതാണ്. ശിവഗിരി മഠത്തിന് അത്തരത്തിലൊരു സമീപനം കൂടി സ്വീകരിച്ച് വിവാദമല്ല വേണ്ടത്, സംവാദമാണ് ആവശ്യം എന്ന മാതൃക കൂടി വർത്തമാനകേരളത്തിന് കാട്ടിക്കൊടുക്കാൻ ബാധ്യസ്ഥതയുണ്ട്. പ്രകോപനപരമായ പല പ്രസ്താവനകളും ഇതിനകം തന്നെ വെള്ളാപ്പള്ളി നടേശന്റെ ഭാഗത്തുനിന്നും മഠത്തിനെതിരെ ഉണ്ടായി. എന്തായാലും സമാധിദിനമായ കന്നി അഞ്ചിന് ശിവഗിരി മഠത്തിലെ സമ്മേളനത്തിലേക്ക് അദ്ധ്യക്ഷനായി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെ ക്ഷണിക്കാൻ തീരുമാനിച്ചതും മദ്യനിരോധനത്തെ അനുകൂലിച്ചുകൊണ്ട് ശിവഗിരി മഠം നിലപാടെടുത്തതും രാഷ്ട്രീയത്തിലെ ദർശനങ്ങളുടെ പ്രയോഗത്തേയും പ്രസക്തിയേയും വെളിവാക്കുന്നു. ശിവഗിരി മഠം മേധാവി സ്വാമി ഋതംഭരാനന്ദയ്ക്ക് സംവാദം നടത്താൻ ഉചിതമായ വ്യക്തിയല്ല വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തിനോട് പൊറുക്കുകയേ സ്വാമിക്കും സമൂഹത്തിനും ചെയ്യാൻ കഴിയുകയുള്ളു. അദ്ദേഹത്തിന്റെ അറിവിന് വഴങ്ങുന്നതേ അദ്ദേഹത്തിനു പറയാൻ കഴിയുകയുള്ളു. അതാണ് അദ്ദേഹത്തിന്റെ വാസനയേയും താൽപ്പര്യങ്ങളേയും ജനിപ്പിക്കുന്നത്. അത് അദ്ദേഹത്തിന്റെ കുഴപ്പവുമല്ല. കാരണം യോഗ്യതയ്ക്കും കഴിവിനും അനുസരിച്ചേ ഏതു വ്യക്തിക്കും പറയാനും പ്രവൃത്തിക്കാനും കഴിയുകയുള്ളു. അത് പ്രകൃതി നിയമമാണ്. കന്നി അഞ്ചിന് സുധീരനെ അവിടേക്ക് ക്ഷണിച്ചതും മദ്യനിരോധനത്തിനെതിരെ മഠം നിലപാടെടുത്തതും രാഷ്ട്രീയക്കളിയായി മാത്രമേ അദ്ദേഹത്തിനു കാണാൻ പറ്റൂ. അദ്ദേഹത്തിനറിയാവുന്ന രാഷ്ട്രീയമാണ് അദ്ദേഹം പറയുന്ന രാഷ്ട്രീയം. ഇവിടെയാണ് ശിവഗിരി മഠത്തിന്റെ രാഷ്ട്രീയപ്രയോഗങ്ങളുടെ അനിവാര്യത.