ഗാന്ധിജി നമ്മെ നമ്മുടെ ശക്തിയിലേക്ക് ശ്രദ്ധ തിരിച്ചു. ആ ശക്തിയെ ഉണർത്തിയാണ് മഹാത്മാവ് ദേശീയപ്രസ്ഥാനത്തിന് തേജസ്സും ഓജസ്സും നൽകിയത്. വൈദേശിക ആധിപത്യത്തിൽ നിന്ന് ഇന്ത്യ മോചിതമായി. ഇന്ന് ഗാന്ധിജയന്തി നാം ആചരിക്കുന്നതുപോലും വൈദേശികസങ്കൽപ്പത്തിൽ. അത് നാം ഗാന്ധിജിയിലേക്ക് എത്താൻ എത്രമാത്രം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. ഗാന്ധിജയന്തി ദിനത്തിൽ ബാഹ്യമായ ആചാരത്തിൽ മാത്രമാണ് നാം മുഴുകുന്നത്. അർഥമറിയാതെ ആചരിക്കുന്നതിനാല്‍ അത് വഴിപാട് പോലെയാകുന്നു. വഴിപാട് വിരസതയുണ്ടാക്കും. കാരണം മനുഷ്യന്റെ യുക്തിയെന്ന് പറയുന്നത് അത്ര ഉദാത്തമാണ്. അത് ശരാശരി നിലയിൽ എല്ലാ വ്യക്തിയിലും തിളങ്ങുന്നു. വഴിപാടിൽ അർഥമില്ലായ്മ കണ്ടുപോകുന്നത് അതുകൊണ്ടാണ്. വഴിപാട് രീതിയിലാണ് നാം ഇന്ന് ഗാന്ധിയെ ഓർക്കുന്നത്. ആ ഓർമ്മ നിഴലിക്കുന്നത് അദ്ദേഹത്തിനോടുള്ള സ്‌നേഹാദരപ്രകടനങ്ങളുടെ ഭാഗമെന്നോണമാണ്. ഇതാണ് പൈങ്കിളി വികാരത്തിനടിപ്പെടുമ്പോഴുള്ള അപകടം. ഈ അപകടത്തിലൂടെ ഓരോ വഴിപാട് കഴിയുമ്പോഴും എതിർഫലമാണ് സംഭവിക്കുക. അതായത് യഥാർഥ ഗാന്ധിജി വിസ്മരിക്കപ്പെടുന്നു. അതായത് യഥാർഥ ഗാന്ധിജി എന്നുപറയുന്നത് മഹാത്മാവിന്റെ ഭാഷയിൽ പറഞ്ഞാൽ സന്ദേശം. സന്ദേശമാണ് ഓർക്കേണ്ടത്. ആ ഓർമ്മയാകട്ടെ വഴിപാടാകാൻ പാടില്ല. അത് പ്രാവർത്തികമാവണം. അപ്പോൾ മാത്രമേ ഗാന്ധിജി സ്മരിക്കപ്പെടുകയുള്ളു. അല്ലാതെയുള്ള എല്ലാ വഴിപാട് ഗാന്ധിസ്മൃതികളും ഫലത്തിൽ ഗാന്ധിജിയെ കൂടുതൽ വിസ്മൃതിയിലാഴ്ത്താനേ സഹായിക്കുകയുള്ളു. അത് ഗാന്ധിനിന്ദ തന്നെയാണ്. ഗാന്ധിനിന്ദകൊണ്ടും ഗാന്ധിയെ ആദരിക്കുന്നതുകൊണ്ടും മഹാത്മാവിന് ഒന്നും സംഭവിക്കുന്നില്ല. സംഭവിക്കുന്നത് നമുക്കാണ്. അല്ലെങ്കിൽ അതിലേർപ്പെടുന്നവർക്ക്. ഒരു ജനതയുടെ രക്ഷ സ്വയം വേണ്ടെന്നുവയ്ക്കുന്നതിന് തുല്യമാകും അത്തരത്തിലുള്ള ഗാന്ധിനിന്ദ. അർഥമില്ലാത്ത വഴിപാടുകളിൽ നിന്നാണ് ജീവിതം വിരസതയുടെ, ജീർണ്ണതയുടെ പാതയിലേക്ക് വീഴുന്നത്. ആ ജീർണ്ണതയിൽ നിന്നാണ് ഗാന്ധിജി ഒരു ജനതയെ ചെറുതായെങ്കിലും ഉണർത്തിയത്.
പരമ്പരാഗത സാമ്രാജ്യത്വമവസാനിച്ചതിന് പിന്നാലെയാണ് യഥാർഥമായതിനെ വിസ്മരിപ്പിക്കുന്നതിന് പൈങ്കിളി ഓർമ്മപ്പെടുത്തല്‍ എന്ന രീതി പാശ്ചാത്യലോകവും അവിടത്തെ വ്യവസ്ഥയും രൂപപ്പെടുത്തുന്നത്. യാഥാർഥ ഗാന്ധിചിന്തയും അതനുസരിച്ചുള്ള പ്രവൃത്തിയും ഇവിടെ നിലനിൽക്കുകയാണെങ്കിൽ അവരുടെ ആശയങ്ങൾക്കും അതനുസരിച്ചുണ്ടാകുന്ന കമ്പോളത്തിനും അവസരമില്ലാതെ വരും. അതിനുള്ള ഏറ്റവും ഉദാത്തമായ വഴിയാണ് ഓർമ്മിപ്പിച്ച് മറവിയിലാഴ്ത്തുക എന്ന പ്രക്രിയ. പ്രത്യക്ഷത്തിൽ പ്രകടിപ്പിക്കുക. അതിനു വിരുദ്ധമായത് ഈ പ്രകടനത്തിലൂടെ തന്നെ പരോക്ഷമായി നടപ്പിലാക്കുക. നമ്മുടെ കൃഷിയെ പ്രത്യക്ഷത്തിൽ സഹായിച്ച് ആയിരത്താണ്ടുകൾ ഇവിടെയുണ്ടായിരുന്ന തനത് ജൈവസമ്പത്തിനെ ഏതാനും ദശകങ്ങൾ കൊണ്ട് ഇല്ലാതാക്കിയത് ഉദാഹരണം. ആ പ്രക്രിയയക്ക് ചിലപ്പോൾ ഹരിതവിപ്ലവമെന്ന് പേരുണ്ടാകാം. നമ്മളെക്കൊണ്ടുതന്നെ ആവേശപൂർവ്വം ആലിംഗനം ചെയ്യിക്കുന്ന വിദ്യയിലൂടെ ഇല്ലായ്മ ചെയ്യാനുള്ള പ്രക്രിയയിൽ ഏർപ്പെടുന്നതിനുളള ചിലവോ ബുദ്ധിമുട്ടോ അവർക്കുണ്ടാവുന്നില്ല. ഇന്നിപ്പോൾ മണ്ണും മനുഷ്യനും വിഷലിപ്തം. ഭക്ഷണം വിഷം തന്നെ. വായു വിഷം തന്നെ. അതിനുള്ള മരുന്നും അവർ തന്നെ ഏർപ്പാടാക്കുന്നു. ചികിത്സാ ഉപകരണങ്ങളും. ഇതെല്ലാം ഉദാത്തമായ ലക്ഷ്യമെന്ന് ബാഹ്യമായ പ്രക്രിയകളിലൂടെ ഭ്രമിപ്പിച്ചുകൊണ്ടാണ്. വളരെ വിദഗ്ധമായി മാധ്യമപ്രവർത്തനത്തെ അവ്വിധം ആക്കുന്നതിൽ വിശേഷിച്ചും അമേരിക്കൻ സ്ഥാപനങ്ങൾ വിജയിച്ചു. പൈങ്കിളി മാധ്യമപ്രവർത്തനം അതിന്റെ സന്തതിയാണ്. ആ പൈങ്കിളി മാധ്യമപ്രവർത്തനത്തിൽ ഗാന്ധിനിന്ദ എന്നാൽ ആരെങ്കിലും രാജ്ഘട്ടിൽ ചെരിപ്പിട്ടു കയറുന്നതോ മറ്റോ ആകും. ചെരുപ്പൂരി കരണത്തടിക്കുന്നവന്റെ നേർക്ക് സ്‌നേഹത്തോടെ മറുകരണം കാണിച്ചുകൊടുത്ത വ്യക്തിയാണ് ഗാന്ധിയെന്ന മിനിമം ചിന്തപോലും ഈ പൈങ്കിളി മാധ്യമപ്രവർത്തന ശൈലിയിൽ ഓർമ്മയിലെത്തില്ല. കാരണം കത്തിക്കാൻ പറ്റിയവിഷയം. വാക്കുകൾകൊണ്ട് ഹിംസിക്കാൻ പറ്റിയ സംഗതി. മഹാത്മാവ് അഹിംസയുടെ സന്ദേശമാണെന്ന കാര്യം പോലും ഓർക്കപ്പെടുന്നില്ല. മഹാത്മാവിന്റെ പേരിൽ ഹിംസയിലേർപ്പെടുന്നതാണ് ഏറ്റവും വലിയ ഗാന്ധിനിന്ദ.
2013 ഗാന്ധിജയന്തിക്ക് ഒരു പ്രത്യേകതയുണ്ട്. കാരണം അടുത്ത ഗാന്ധിജയന്തിക്കു മുൻപ് തെരഞ്ഞെടുപ്പ് കഴിയും. അതിനാൽ അതിനെ ഉന്നം വച്ചുകൊണ്ടുള്ളതായിരിക്കും ഇക്കൊല്ലത്തെ ഗാന്ധിജയന്തി ആഘോഷങ്ങളെല്ലാം തന്നെ. അതും ഗാന്ധിനിന്ദ തന്നെ. വഴിപാടുകളിൽ ഗാഢനിദ്രയിലാർന്നിരുന്ന ഒരു സംസ്‌കാരത്തെ അല്പമൊന്നു തൊട്ടുണർത്തുക മാത്രമാണ് ഗാന്ധിജി ചെയ്തത്. അത്തരത്തിൽ ചെറിയ തോതിലെങ്കിലും ഗാന്ധിജയന്തി വഴിപാടുകളിലെ അർഥം ആർക്കെങ്കിലും ഉണർത്താൻ കഴിഞ്ഞാൽ അതായിരിക്കും ഉദാത്തമായ ആഘോഷം. ആ ദിശയിലേക്കുനീങ്ങാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് മാധ്യമങ്ങൾക്കാണ്.