Skip to main content

കേരളത്തിലെത്തി ഇവിടെ സര്‍ക്കാറിലും മുന്നണിയിലും പ്രതിസന്ധിയൊന്നുമില്ലെന്നും ഭരണമാറ്റം ആവശ്യമില്ലെന്നും പറഞ്ഞ കേന്ദ്രമന്ത്രി എ.കെ ആന്റണി ദില്ലിയിലെത്തിയപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നു. ആന്റണി  ദില്ലിയിലെത്തിയതോടെ ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഔപചാരികമായി  ഇടപെട്ട് തുടങ്ങി. അതിന്റെ ഭാഗമായി അദ്ദേഹം കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അങ്ങിനെ പന്ത് പൂര്‍ണമായും ആന്റണിയുടെ കോര്‍ട്ടിലെത്തി. കാഴ്ചയും കേള്‍വിയും നഷ്ടമാകാത്തവരുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന നിലപാടായിരുന്നു ആന്റണി കേരളത്തിലെത്തി ആദ്യമായി ഇവിടുത്തെ പ്രശ്‌നങ്ങളില്‍ പ്രതികരിച്ചുകൊണ്ട് നടത്തിയത്. മാധ്യമങ്ങളിലൂടെ ബോധപൂര്‍വ്വം ഇപ്പോള്‍ ഒരു ധാരണ പ്രചരിപ്പിക്കാനുള്ള  ശ്രമത്തെ വ്യക്തമായി കാണാവുന്നതാണ്. കേരളത്തിലെ പ്രശ്‌നം അതീവസങ്കീര്‍ണ്ണം എന്ന് മാധ്യമങ്ങളിലൂടെ ആവര്‍ത്തിപ്പിച്ച് രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്താനുള്ള മുന്നൊരുക്കമാണ് ഇപ്പോള്‍ തെളിയുന്നത്. യഥാര്‍ഥത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങളില്‍ സങ്കീര്‍ണ്ണത ഒട്ടുമില്ല. വ്യക്തമായ വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുക എന്നതാണ് ഈ സങ്കീര്‍ണ്ണ പ്രചാരണത്തിന്റെ പിന്നിലുള്ള ഉദ്ദേശ്യം. ഇവിടുത്തെ പ്രശ്‌നങ്ങള്‍ ഇവയാണ്.

 

  • മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫും ഉള്‍പ്പെട്ട  വന്‍ അഴിമതിക്കേസ്സ്. അഴിമതി നടന്നുവെന്ന് സര്‍ക്കാര്‍ തന്നെ നടത്തിയ അന്വഷണത്തില്‍  പ്രാഥമികമായി തെളിഞ്ഞു. വ്യാപ്തി ഇപ്പോഴും വെളിവായിട്ടില്ല. ഈ ഘട്ടത്തില്‍ പുറത്തു വന്നില്ലായിരുന്നെങ്കില്‍ ഇത് എക്കാലത്തേയും വലിയ അഴിമതിയാകുമായിരുന്നു.

 

  • ഈ അഴിമതിക്കേസ്സില്‍ മുഖ്യമന്ത്രി സംശയത്തിന്റെ നിഴലില്‍ നിന്ന് മുക്തനല്ല.

 

  • കേരളത്തിലെ ജനങ്ങളോട് പരസ്യമായി സത്യവിരുദ്ധമായി സംസാരിച്ചു, ആഭ്യന്തരമന്ത്രി.

 

  • ഈ തട്ടിപ്പ് കേസ്സിലെ മുഖ്യപ്രതികളായ ബിജുരാധാകൃഷ്ണന്‍, സരിത എസ്. നായര്‍, ശാലു മേനോന്‍ തുടങ്ങിയവരുമായി  മന്ത്രിമാര്‍ക്കുള്ള ബന്ധവും അതു മറച്ചുവയ്ക്കാനുള്ള ശ്രമവും.

 

  • സരിത എസ്. നായരുമായുള്ള കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടേയും ആശാസ്യമല്ലാത്ത ബന്ധം, ഒരു സമൂഹമെന്ന നിലയില്‍ കേരളജനതയ്ക്കിടയില്‍ സൃഷ്ടിച്ച ധാര്‍മിക ആഘാതവും ജനാധിപത്യത്തില്‍ ജനങ്ങളുടെ  വിശ്വാസം തകരുന്നതിനു കാരണമായ വെളിപ്പെടുത്തലുകളും.

 

  • മേല്‍സൂചിപ്പിച്ച വിഷയങ്ങള്‍ ഒരു കാരണവശാലും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ ഗ്രൂപ്പുവഴക്കോ ആന്തരികപ്രശ്‌നങ്ങളോ അല്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്‌നങ്ങളല്ല ഇപ്പോഴുണ്ടായിരിക്കുന്നവ. ആ രീതിയില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കുന്നത് സാമാന്യ ധാര്‍മികതയ്ക്ക് ഏല്‍ക്കേണ്ടിവരുന്ന കനത്ത ആഘാതമായിരിക്കും.അതുകാരണം ആവര്‍ത്തിച്ച് ഓര്‍ക്കേണ്ടതാണ് ഇപ്പോള്‍ സംസ്ഥാനത്തുണ്ടായിരിക്കുന്നത് കോണ്‍ഗ്രസ്സിനകത്തെ പ്രശ്‌നങ്ങളേ അല്ല എന്നുള്ളത്.

 

  • മാധ്യമങ്ങളെ വഴിതിരിച്ചുകൊണ്ടുപോകാനറിയാവുന്ന ആന്റണി ആദ്യഘട്ടത്തില്‍ തന്നെ വിജയം കണ്ടിരിക്കുകയാണ്. സങ്കീര്‍ണ്ണതാ പ്രചാരത്തിലൂടെയും സോണിയാഗാന്ധിയുമായുള്ള ആന്റണിയുടെ കൂടിക്കാഴ്ചയിലൂടെയും ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്‌നമാക്കി മാറ്റിക്കഴിഞ്ഞു. ചില മുഖ്യധാരാ ചാനലുകള്‍ ഇതിനകം തന്നെ ആ രീതിയില്‍ റിപ്പോര്‍ട്ടിംഗ് തുടങ്ങി. അതിന്റെ ഭാഗമായി രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലുള്‍പ്പെടുത്തി  പ്രശ്‌നപരിഹാരത്തിനു ഹൈക്കമാന്‍ഡ് ശ്രമിച്ചാല്‍ രമേശിന് അതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല എന്നൊക്കെ റിപ്പോര്‍ട്ട് വന്നു കഴിഞ്ഞു. രണ്ടു ദിവസം ആ നിലയ്ക്ക് വാര്‍ത്തയും ചര്‍ച്ചയും കൊഴുപ്പിച്ചാല്‍ സ്ഥിതിഗതി മാറും.
Tags