ഐ.പി.എല്ലിലെ ചീയർഗേൾസ്. ഇതിനൊരു ഉചിതമായ പരിഭാഷ ചീയർഗേൾസിന്റെ വേഷവും തുള്ളലുമനുസരിച്ച് നല്‍കുകയാണെങ്കില്‍ ശബ്ദതാരാവലിപ്രകാരം അത് അശ്ലീലപദയോഗ്യമായിരിക്കും. എന്തും മാന്യവും സൗന്ദര്യാത്മകവുമായി പൊതിയുമ്പോഴാണ് ഭംഗി. അവിടെയാണ് സംസ്‌കാരവും ഉടലെടുക്കുന്നത്. മനുഷ്യൻ പൊതുവായിട്ടാണെങ്കിലും സ്വകാര്യമായിട്ടാണെങ്കിലും സംസ്‌കാരം നിലനിർത്താൻ ബാധ്യസ്ഥനാണ്. അക്കാരണം കൊണ്ട് ചീയർഗേൾസിനെ ഉല്ലാസ പെണ്‍കൊടികൾ എന്ന്‍ വിളിക്കാം. യു.എസ് കോളേജ് സ്പോര്‍ട്സില്‍ നിന്ന്‍ ഇറക്കുമതി ചെയ്യപ്പെട്ട ഈ പെണ്‍കൊടികൾ ഐ.പി.എല്ലിനെ ഉല്ലസിപ്പിക്കുന്നത് ശരീരം പ്രദർശിപ്പിച്ചും അതുകൊണ്ട് ചേഷ്ടകൾ കാണിച്ചുമൊക്കെ. കാണികളെ ഉല്ലസിപ്പിക്കാൻ എന്ന്‍ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇവരെ ഉപയോഗിക്കുന്നത്.
സ്ത്രീകളെ ആഭാസകരമായി ചിത്രീകരിക്കുന്നത് തടയല്‍ നിയമമനുസരിച്ചും, വിശാഖ കേസിലെ സുപ്രീം കോടതിയുടെ വിഖ്യാതമായ വിധിപ്രകാരവും ഇവർക്കും ഇവരെ അവതരിപ്പിച്ചവർക്കുമെതിരെ കേസ്സെടുക്കാവുന്നതാണ്. തൊഴിലിടങ്ങളില്‍ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ പോലും തടയാന്‍ സംവിധാനങ്ങള്‍ നിഷ്കര്‍ഷിക്കുന്നതാണ് വിശാഖ വിധിന്യായം. സർക്കാരിനും നിയമ സംവിധാനങ്ങളും ഈ കൂത്തിന് സംരക്ഷണം നല്കമ്പോൾ സ്വമേധയാ വേണമെങ്കില്‍ കോടതിക്ക് കേസ്സെടുക്കാവുന്നതാണ്. ദില്ലി കൂട്ടബലാത്സംഗത്തിന് ശേഷമെങ്കിലും ഈ കൂത്ത് ഒഴിവാക്കുമെന്ന്‍ ചിലരെങ്കിലും കരുതുകയുണ്ടായി. എന്നാല്‍, സദ്യയ്ക്ക് അച്ചാറുപോലെ സ്ത്രീശരീരത്തെ മൃഗകാമജന്യത്തിനായി ഉപയോഗിച്ച് അതാണ് ഉല്ലാസത്തിനുള്ള ഉപാധിയെന്നുള്ള സാഹചര്യം ഇതിനകം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. ഇന്ത്യൻ പ്രസിഡന്റു മുതലുള്ളവർ ഈ ഉല്ലാസ പെണ്‍കിടാങ്ങളെ കാണുന്നു. അതേസമയം, ഇവരെല്ലാം പൊതുവേദിയില്‍ വ്യാകുലപ്പെടുന്നു, നമ്മുടെ സമൂഹത്തിന് ഗുരുതരമായ എന്തോ ബാധിച്ചിരിക്കുന്നു. അഞ്ചുവയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതില്‍ അവർ ഞെട്ടുന്നു. ആ ഞെട്ടലിന്റെ വാർത്ത കാണുന്നതിനു തൊട്ടുപിന്നാലെയാണ് കൊട്ടും മേളവുമായി ഉല്ലാസ പെണ്‍കൊടികൾ കോടാനുകോടി ജനങ്ങളെ ഉല്ലസിപ്പിക്കുന്നത്. ഒരു രാജ്യവും സമൂഹവുമെന്ന നിലയില്‍ ഈ ഒരൊറ്റക്കാര്യത്തില്‍ പോലും ഉത്തരവാദിത്വപ്പെട്ടവർ സ്വീകരിക്കുന്ന നിലപാട് കുറ്റകരമാണ്. അത് കണ്ടിട്ടു മൗനം പാലിക്കുന്നവരുടേയും. ഇതുമായി തട്ടിച്ചുനോക്കുമ്പോൾ അറസ്സിലായ ശ്രീശാന്തും കൂട്ടരും നടത്തിയ കുറ്റം വളരെ ചെറുതാണ്.
ഐ.പി.എല്‍ സംസ്‌ക്കാരം എന്നുപറയുന്നത് ചീയർഗേൾസിലൂടെ വെളിവാകുന്നതാണ്. വേശ്യാവൃത്തിപോലും അരങ്ങേറുന്നത് മറയത്താണ്. അതിലേർപ്പെടുന്നവര്‍ക്ക് അത് ആശാസ്യമല്ല എന്നുള്ള അറിവും സംസ്‌ക്കാരവുമാണ് മറതേടാന്‍ അവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ സ്ത്രീശരീരത്തെ പ്രഖ്യാപനം നടത്തിക്കൊണ്ട് ഉല്ലസിപ്പിക്കാനായി പരസ്യമായി പ്രദർശിപ്പിക്കുകയും പ്രയോഗിക്കുകയുമാണിവിടെ. ആ സാംസ്‌കാരിക പശ്ചാത്തലത്തില്‍ വാതുവെയ്പ് താരതമ്യത്തില്‍ മാന്യതയുള്ളതായി മാറുന്നു.
ഇന്ത്യൻ സമൂഹം പൊതുവേ അകപ്പെട്ടിരിക്കുന്ന വിഷമവൃത്തത്തിന്റെ പരിഛേദമാണ് ഐ.പി.എല്ലും ശ്രീശാന്തിന്റെയും കൂട്ടരുടേയും അറസ്റ്റും കാണിക്കുന്നത്. ഒപ്പം ഇന്ത്യൻ മാധ്യമങ്ങളുടേയും. അഴിമതിയിലും വാതുവെയ്പിലുമൊക്കെ രോഷം കൊള്ളുന്ന മിക്ക മാധ്യമങ്ങളും, പ്രിന്റും ടെലിവിഷനും, ഇന്ന്‍ ചീയർഗേൾസിലൂടെ വായനക്കാരെയും പ്രേക്ഷകരേയും കൂട്ടാൻ ശ്രമിക്കുന്നു. കളി എന്ന പേരിലാണ് ഐ.പി.എല്‍ മാർക്കറ്റ് ചെയ്യപ്പെടുന്നത്. എന്നാല്‍, 'പരസ്യ ഗുരു' പ്രഹ്ലാദ് കക്കര്‍, ഐ.പി.എല്‍ വിനോദമാണ്, ക്ലാസിക്കല്‍ ക്രിക്കറ്റല്ല എന്ന് വ്യക്തമായി തന്നെ പറയുന്നു. അപ്പോള്‍ ശ്രീശാന്ത് കളിയെ വഞ്ചിച്ചു എന്നതിനേക്കാള്‍ ഐ.പി.എല്‍ എന്ന പ്രൈംടൈം ടെലിവിഷന്‍ പരിപാടിയുടെ നിയമം തെറ്റിച്ചു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഐ.പി.എല്‍ ക്രിക്കറ്റിന്റെ അതേ അവസ്ഥയാണ് മാധ്യമങ്ങൾക്ക് വാർത്തയും. എല്ലാ ദിവസവും പത്രങ്ങളോടൊപ്പമിറങ്ങുന്ന സപ്ലിമെന്റുകൾ ഗാലറിക്ക് മുന്നില്‍ അണിനിരക്കുന്ന ചീയർഗേൾസ് തന്നെയാണ്.
ഗുണമില്ലാതെ കഴിവുണ്ടായിട്ട് കാര്യമില്ലെന്ന് ശ്രീശാന്ത് ഒരിക്കല്‍ക്കൂടി എല്ലാവരേയും ഒർമ്മിപ്പിക്കുന്നു. രാവണനും ആള് മോശക്കാരനായിരുന്നില്ല. മഹാപണ്ഡിതനും ശാസ്ത്രസാങ്കേതിക വിദ്യകളില്‍ അഗ്രഗണ്യനുമായിരുന്നു. അത്തരം കാര്യങ്ങളില്‍ പത്തു തലയുള്ളവൻ. പക്ഷേ ഗുണമില്ലാതെപോയി. അതാണ് സ്വഭാവം നിശ്ചയിക്കുക. മാധ്യമങ്ങളുടെ കാഴ്ച്ചക്കുറവും അവിടെയാണ്. എന്തെങ്കിലും കഴിവുകൾ ആരെങ്കിലും പ്രദർശിപ്പിച്ചാല്‍ ഭാവനയില്‍ എന്തെല്ലാം വിരിയുമോ അതൊക്കെ എഴുതിപ്പിടിപ്പിച്ചും പറഞ്ഞും അവരെ താരങ്ങളാക്കി മഹത്വവല്‍ക്കരിച്ച് ജനങ്ങളുടെ മുൻപില്‍ അവതരിപ്പിക്കുന്നു. എന്നിട്ട് അവരുടെ വിശേഷങ്ങൾ അറിയിച്ച് അതാണ് വാർത്തയെന്ന്‍ വരുത്തി മാധ്യമങ്ങൾ തങ്ങളുടെ പ്രചാരം വർധിപ്പിച്ച് ലാഭം ഉറപ്പാക്കാൻ ശ്രമിക്കുന്നു. പൈങ്കിളി മാധ്യമപ്രവർത്തനം അതാണ്. ശ്രീശാന്തും ഈ പൈങ്കിളി മാധ്യമപ്രവർത്തനത്തിന്റെ ഇരയാണ്. അയാൾ വീണപ്പോൾ സ്വാഭാവികനീതിപോലും കാണിക്കാൻ കൂട്ടാക്കാതെ ഇന്ത്യയിലെ മുഴുവൻ മാധ്യമങ്ങളും ധാർമികതയും മൂല്യങ്ങളുമുയർത്തി അത് മാർക്കറ്റ് ചെയ്യുന്ന ചിത്രമാണ് കണ്ടത്.