ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ദേശീയ തലത്തില്‍ പഠനക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു ബി.ജെ.പി. നേതാവ് ലാല്‍കൃഷ്ണ അദ്വാനി. എണ്‍പതാമത് ശിവഗിരി തീര്‍ഥാടന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവെ കേരളത്തിലെ പാഠപുസ്തകങ്ങളില്‍ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അദ്വാനി അഭിനന്ദിക്കുകയും ചെയ്തു. ഒരു വ്യക്തിയില്‍ ആത്മീയാംശം (Spiritual Quotient) ബാല്യ കാലം മുതലേ വളര്‍ത്തിയെടുക്കണമെന്നും അതിനായി ഗുരുവിന്റെയും ശ്രീ രാമകൃഷ്ണ പരമഹംസരുടെയും വിവേകാനന്ദന്റേയും ‘സബര്‍മതിയിലെ സംന്യാസി’യായ ഗാന്ധിജിയുടെയും ദര്‍ശനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേതാവില്‍ നിന്ന് രാഷ്ട്ര നേതാവിലേക്ക് നടന്നടുക്കുകയാണ് അദ്വാനി. ഓര്‍ക്കുക, അദ്വാനി പരിശീലിച്ച ഒരു രാഷ്ട്രീയ സംഹിതക്ക് അഭികാമ്യമായ ഒരു പേരല്ല ഗാന്ധി. മാത്രവുമല്ല, ഒരേ മതം ഉപയോഗിച്ചു തുഴഞ്ഞ് വിരുദ്ധ ദിശകളിലേക്ക് ഒരു രാഷ്ട്രത്തെ നയിച്ചവരാണിവര്‍. രഥയാത്ര സഞ്ചരിച്ച ചോരച്ചാലുകളുടെയും തകര്‍ന്നു വീണ ബാബറി മസ്ജിദിന്റെയും രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍ നിന്ന് അദ്വാനിക്ക് ഒഴിയാന്‍ ആവില്ല. അതിനു ഗാന്ധിജിയുടെ മതവുമായി ബന്ധവുമില്ല. പക്ഷെ, ഏതെങ്കിലും മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയുന്നവരല്ല ഗുരുവിനേയും ഗാന്ധിജിയേയും പോലുള്ള വ്യക്തിത്ത്വങ്ങള്‍ എന്ന് അദ്വാനി പറയുമ്പോള്‍, സബര്‍മതിയിലെ സംന്യാസിയെന്നു ഗാന്ധിജിയെ വിശേഷിപ്പിക്കുമ്പോള്‍ അതിലെ കാവ്യ നീതിയും അതിന്റെ പിന്നിലെ തിരിച്ചറിവുകളും കാണാതിരുന്നു കൂടാ.
1987ല്‍ ശിവഗിരിയില്‍ വരേണ്ടിയിരുന്ന താന്‍ 25 വര്‍ഷം വൈകിയാണ് ഇവിടെ എത്തിയതെന്ന് അദ്വാനി പറഞ്ഞു. വൈകിയെങ്കിലും ശരിയായ തിരിച്ചറിവുകളോടെയാണ് ഇന്ന് അദ്വാനി ശിവഗിരിയിലും തന്റെ രാഷ്ട്രീയ ജീവിതത്തിലും എത്തി നില്‍ക്കുന്നത്. അതാണ് പ്രധാനവും. അദ്വാനിയുടെ ഇന്നത്തെ ചിന്തകള്‍ ഇന്ത്യക്കു തനതായ ഒരു മതനിരപേക്ഷ സങ്കല്‍പ്പനം മുന്നോട്ടു വെക്കാന്‍ സഹായകമാണ്. ഇന്ത്യയുടെ ദാര്‍ശനിക പാരമ്പര്യം നല്‍കുന്ന ആത്മീയ ശക്തിയെ നിഷേധിക്കാത്ത രാഷ്ട്രീയമായിരിക്കണം അതിന്റെ കാതല്‍. കേവല മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുംപിടുത്തങ്ങളില് നിന്ന് തന്റെ പാര്‍ട്ടിയെ അത്തരമൊരു സങ്കല്‍പ്പനത്തിലേക്ക് നയിക്കാന്‍ അദ്വാനിക്ക് കഴിഞ്ഞാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തന്നെ ഏറ്റവും മനോഹരമായൊരു വിജയമായിരിക്കും അത്. എണ്‍പത്തി അഞ്ചുകാരനായ ഈ ‘അധ്വാനി’യുടെ മുന്നില്‍ ചരിത്രത്തിലേക്കുള്ള ഒരു വാതില്‍ ഇപ്പോഴും തുറന്നു കിടക്കുന്നു.