Skip to main content
തിരുവനന്തപുരം

pp mukundan

 

ബി.ജെ.പി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന പി.പി മുകുന്ദനെ യു.ഡി.എഫ് പിന്തുണച്ചേക്കും. ബി.ജെ.പി ജയസാധ്യത കല്‍പ്പിക്കുന്ന തിരുവനന്തപുരം ജില്ലയിലെ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാനാണ് മുകുന്ദന്‍ ഒരുങ്ങുന്നത്. മത്സരിച്ചാല്‍ യു.ഡി.എഫ് പിന്തുണ നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദൂതന്‍ വഴി മുകുന്ദനെ അറിയിച്ചതായാണ് സൂചന.

 

ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി ആയിരുന്ന മുകുന്ദന്‍ അച്ചടക്ക നടപടി നേരിട്ട് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി സംഘടനയില്‍ സക്രിയമല്ല. തിരിച്ചുവരവിന് ഈയടുത്ത കാലത്തായി മുകുന്ദന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സംസ്ഥാന അദ്ധ്യക്ഷനായിരുന്ന വി. മുരളീധരന്‍ ഇതിനെ തുറന്നെതിര്‍ക്കുകയായിരുന്നു.

 

കുമ്മനം രാജശേഖരന്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനായതിനെ തുടര്‍ന്ന്‍ മുകുന്ദനെ തിരിച്ചുകൊണ്ടുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വി. മുരളീധരന്‍ ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പ് തുടരുകയാണെന്നാണ് സൂചന. നിയമസഭയില്‍ ആദ്യമായി ഒരു സീറ്റ് നേടാന്‍ ഇത്തവണ പാര്‍ട്ടിയുടെ സാധ്യതകള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് കരുതുമ്പോഴും മുകുന്ദന്റെ കലാപം പാര്‍ട്ടിയ്ക്ക് തലവേദന ആയേക്കും.

 

ബി.ജെ.പി നേതാവായിരിക്കെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അടുപ്പത്തിന്റെ പേരില്‍ മുകുന്ദന്‍ ശ്രദ്ധേയനായിരുന്നു. കോണ്‍ഗ്രസും മുസ്ലിം ലീഗുമായി കോ-ലീ-ബി സഖ്യം എന്നറിയപ്പെട്ട 1991 തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ രഹസ്യധാരണയ്ക്ക് പിന്നിലെ പ്രധാനിയായിരുന്നു ഇദ്ദേഹം.