Skip to main content
തിരുവനന്തപുരം

pc george സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് രാജിസന്നദ്ധത അറിയിച്ചു. തന്നെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടതായി അറിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ജോര്‍ജ് പറഞ്ഞു. യു.ഡി.എഫ് നേതാക്കളുമായി വിഷയം സംസാരിക്കണമെന്നും അതുവരെ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ജോര്‍ജ് അറിയിച്ചു. ഇന്ന്‍ വൈകുന്നേരം വിഷയം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് യോഗം ചേരുന്നുണ്ട്.

 

കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് (എം) നേതാക്കളും മന്ത്രിമാരുമായ കെ.എം മാണിയും പി.സി ജോസഫും മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇന്നലെ നടന്ന പാര്‍ട്ടി യോഗങ്ങളില്‍ ജോര്‍ജിനെ വിളിച്ചിരുന്നുമില്ല. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന്‍ മാറ്റണമെന്ന തീരുമാനമാണ് യോഗത്തില്‍ ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ തീരുമാനം തന്നെ അറിയിച്ചിട്ടില്ലെന്ന് ജോര്‍ജ് പറഞ്ഞു.

 

യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ എടുക്കുന്ന തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജോര്‍ജ് വ്യക്തമാക്കി. താന്‍ ഇപ്പോഴും യു.ഡി.എഫിന്റെ ഭാഗം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.