Skip to main content
കൊച്ചി

സമ്പൂര്‍ണ മദ്യനിരോധനമോ ഉദാര മദ്യനയമോ അല്ല ലക്ഷ്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മദ്യ ഉപഭോഗത്തില്‍ കുറവ് വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മദ്യനയവുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെ സര്‍ക്കാര്‍ പറഞ്ഞു. സംസ്ഥാനത്തു മദ്യ ഉപഭോഗം കൂടി വരുന്നതായായുള്ള ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉപഭോഗം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

നേരത്തെ, ബാറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തശേഷം സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനമാണ് ലക്ഷ്യമെന്നും ഘട്ടം ഘട്ടമായി പത്തു വര്‍ഷം കൊണ്ട് ഇതു നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മദ്യനയത്തില്‍ മാറ്റം വരുത്തുക സ്വാഭാവികമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹൈക്കോടതിയില്‍ ഇന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായത്.

 

മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാന്‍ തീരുമാനിച്ച സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെയുള്ള ഹര്‍ജിയില്‍ മാര്‍ച്ച്‌ 31-നകം വിധിയുണ്ടാകുമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ബാറുകളുടെ ലൈസന്‍സ് കാലാവധി ഈ മാസം 31-ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ എക്സൈസ് വകുപ്പ് നിയമ വകുപ്പിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

 

പുതിയ മദ്യനയ പ്രകാരം ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെ, 2014 മാര്‍ച്ച് 31 മുതല്‍ നിലവാരമില്ലാത്ത കാരണത്താല്‍ ബാര്‍ ലൈസന്‍സ് സര്‍ക്കാര്‍ പുതുക്കിനല്‍കാതെ പൂട്ടിക്കിടന്ന 418 ബാറുകള്‍ കൂടാതെ തുറന്നുപ്രവര്‍ത്തിച്ചിരുന്ന 312 ബാറുകളും കൂടി അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെയാണ് ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. പിന്നീട് നിലവാരമില്ലാത്ത ബാറുകള്‍ ബിയര്‍-വൈന്‍ പാര്‍ലര്‍ ആക്കി മാറ്റാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.