Skip to main content
തിരുവനന്തപുരം

mohammed nishamതൃശ്ശൂരില്‍ കാവല്‍ ജീവനക്കാരനായ ചന്ദ്രബോസിനെ വധിച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരായ പഴയ കേസുകൾ വിജിലൻസ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിസാം ഒത്തുതീർപ്പാക്കിയ കേസുകൾ എല്ലാം വിജിലൻസിന്റെ പരിഗണനയിലാണെന്നും നിസാമിന്റെ സാമ്പത്തിക ഇടപാടുകൾ സി.ബി.സി.ഐ.ഡി അന്വേഷിക്കുമെന്നും ചെന്നിത്തല ബുധനാഴ്ച നിയമസഭയില്‍ പറഞ്ഞു. കേസുകളിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

നിസാമിനെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബാബു എം. പാലിശേരി കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ബോധമുണ്ടായിരുന്ന സമയത്തും ചന്ദ്രബോസിന്റെ മൊഴിയെടുക്കാത്തതും സംഭവസമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ നശിപ്പിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.

 

നിസാമുമായി ഡി.ജി.പിക്ക് യാതൊരു ബന്ധവും ഇല്ലെന്നും ‌ഡി.ജി.പി തൃശൂരിൽ പോയത് ഔദ്യോഗിക ആവശ്യത്തിനാണെന്നും രമേശ്‌ ചെന്നിത്തല മറുപടിയില്‍ പറഞ്ഞു. നിസാമിന് ഒരു തരത്തിലുള്ള സഹായവും പൊലീസ് ചെയ്തു നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രബോസിന്റെ വസ്ത്രങ്ങൾ നഷ്ടപ്പെട്ടത് ആശുപത്രിയിൽ നിന്നാണ്. വസ്ത്രങ്ങൾ പൊലീസിനെ ഏൽപിക്കുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രി ജീവനക്കാർക്കെതിരെ നടപടി എടുക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും ചെന്നിത്തല അറിയിച്ചു.

 

തൃശൂർ ഡി.സി.സി പ്രസിഡന്റിനും പി.എ. മാധവൻ എം.എൽ.എയ്ക്കും നിസാമുമായി ബന്ധമുണ്ടെന്ന് ബാബു എം. പാലിശേരി ആരോപിച്ചു. എന്നാൽ, താൻ ജയിലിൽ പോയി നിസാമിനെ കണ്ടിട്ടില്ലെന്നും അങ്ങനെ തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്നും പി.എ മാധവൻ എം.എൽ.എ പറഞ്ഞു.

 

മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന്‍ അടിയന്തര പ്രമേയത്തിന് സഭ നിയന്ത്രിച്ച പ്രോടെം സ്പീക്കർ ഡൊമിനിക് പ്രസന്റേഷൻ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന്‍ ഇറങ്ങിപ്പോക്ക് നടത്തി.