Skip to main content
തിരുവനന്തപുരം

g-karthikeyan

 

അന്തരിച്ച സ്പീക്കർ ജി.കാർത്തികേയന് നിയമസഭ തിങ്കളാഴ്ച ചരമോപചാരം അർപ്പിച്ചു.  അനുശോചന പ്രമേയം വായിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ വിതുമ്പിക്കൊണ്ടാണ് പ്രസംഗം പൂര്‍ത്തിയാക്കിയത്. തനിക്ക് ഒരു സഹോദരനെയാണ് നഷ്ടമായതെന്ന്‍ അദ്ദേഹം പറഞ്ഞു. പ്രമേയം പാസാക്കി സഭ മറ്റ് നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു.

 

ഭരണപ്രതിപക്ഷങ്ങൾക്ക് തുല്യബലമുള്ള നിയമസഭയെ മാതൃകാപരമായി നയിച്ച സ്പീക്കറായിരുന്നു ജി.കാർത്തികേയനെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇരുപക്ഷങ്ങളേയും സ്പീക്കറെന്ന നിലയില്‍ ഒരുപോലെ അദ്ദേഹം ഒരുപോലെ കണ്ടു. ഒരു പൊതുപ്രവര്‍ത്തകന്‍ പുലര്‍ത്തേണ്ട മാന്യത എന്നും ജീവിതത്തില്‍ പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

തികഞ്ഞ ജനാധിപത്യവാദിയായ സ്പീക്കറായിരുന്നു കാര്‍ത്തികേയനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു. വിവിധ കക്ഷിനേതാക്കളും സ്പീക്കറെ അനുസ്മരിച്ച് സംസാരിച്ചു. തുടര്‍ന്ന് സഭ ഒരു മിനിറ്റ് മൗനം ആചരിച്ചു.

 

തിങ്കളാഴ്ച വൈകുന്നേരം മൂന്നിനു നിയമസഭയുടെ മെമ്പേഴ്സ് ലോഞ്ചിലും അനുശോചന യോഗം ചേരും. മുഖ്യമന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, കക്ഷിനേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

 

സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച തന്നെ അവതരിപ്പിക്കാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗതിത്തിന്‍മേലുള്ള നന്ദിപ്രമേയചര്‍ച്ച രണ്ട് ദിവസമായി ചുരുക്കി.