Skip to main content
തിരുവനന്തപുരം

തൃശൂരില്‍ കാവല്‍ ജീവനക്കാരന്‍ ചന്ദ്രബോസിനെ വധിച്ച കേസിലെ പ്രതി മുഹമ്മദ്‌ നിസാമിനെ രക്ഷിക്കാന്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം ഇടപെട്ടെന്ന ആരോപണം ആവര്‍ത്തിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. പോലീസ് ആസ്ഥാനത്തെ ഡി.ജി.പിയായിരുന്ന എം.എന്‍ കൃഷ്ണമൂര്‍ത്തി തൃശൂർ മുൻ സിറ്റി പോലീസ് കമ്മീഷണർ ജേക്കബ് ജോബുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ജോര്‍ജ് പുറത്തുവിട്ടു. കൃഷ്ണമൂര്‍ത്തി ഫെബ്രുവരിയില്‍ വിരമിച്ചു.

 

ശബ്ദരേഖ അടങ്ങിയ സി.ഡി വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും വെള്ളിയാഴ്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ജോര്‍ജ് കൈമാറി. നിസാമിനെ രക്ഷിക്കണമെന്ന ഡി.ജി.പിയുടെ ആവശ്യത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ്‌ ജേക്കബ് ജോബിനെ സസ്പെൻഡ് ചെയ്തതെന്ന്‍ ഇന്നലെ ജോര്‍ജ് ആരോപിച്ചിരുന്നു.

 

ചന്ദ്രബോസിനെ മര്‍ദ്ദിച്ചതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത നിസാമിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നും സംസ്ഥാന പോലീസ് മേധാവിയായ ബാലസുബ്രഹ്മണ്യത്തിന്റെ താല്‍പ്പര്യ പ്രകാരമാണ് വിളിക്കുന്നതെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞതായി ജോര്‍ജ് ആരോപിച്ചു. സ്വാമി എന്ന്‍ സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നത് ബാലസുബ്രഹ്മണ്യത്തെയാണ് എന്ന്‍ ജോര്‍ജ് പറഞ്ഞു.  

 

പോലീസ് കസ്റ്റഡിയിലായിരിക്കെ നിസാമിനെ ജേക്കബ് ജോബ്‌ ഒറ്റയ്ക്ക് ചോദ്യം ചെയ്തത് അനുചിതമാണെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തത്. സംഭവം വിവാദമായപ്പോള്‍ ആദ്യം പത്തനംതിട്ട എസ്.പിയായി അദ്ദേഹത്തെ സ്ഥലം സ്ഥലം മാറ്റിയിരുന്നു.

 

എന്നാല്‍, കേസ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ നിസാമിനോട്‌ കൈക്കൂലി ആവശ്യപ്പെട്ടതായും ഒത്തുതീര്‍പ്പായ മുന്‍ കേസുകളില്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നും ഒറ്റയ്ക്ക് ചോദ്യം ചെയ്തപ്പോഴാണ് നിസാം തന്നോട് പറഞ്ഞതെന്ന് ജേക്കബ് ജോബ്‌ പറയുന്നു.