Skip to main content
തൃശ്ശൂര്‍

jacob jobതൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ വധവുമായി ബന്ധപ്പെട്ട പരാതിയില്‍ പത്തനംതിട്ട എസ്‌.പി ജേക്കബ്‌ ജോബിനെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല സസ്പെന്‍ഡ് ചെയ്തു. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബ്‌ പ്രതി മുഹമ്മദ്‌ നിസാമിനെ സഹായിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. തൃശൂര്‍ റേഞ്ച് ഐ.ജി ടി.ജെ ജോസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍.

 

പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ ഫെബ്രുവരി 10-ന് നിസാമുമായി ജേക്കബ്‌ ജോബ്‌ ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. മറ്റ്‌ അന്വേഷണ ഉദ്യോഗസ്ഥരെ ഒഴിവാക്കി നിസാമിനെ ചോദ്യം ചെയ്‌ത ജേക്കബ്‌ ജോബിന്റെ നടപടി ചട്ടവിരുദ്ധവും സംശയത്തിന്‌ ഇടയാക്കുന്നതുമാണെന്ന്‌ ഐ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതാണ് സൂചന. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഉത്തരമേഖല എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിക്ക് കൈമാറിയിരുന്നു.