Skip to main content
തൃശൂര്‍

 

വിവാദ വ്യവസായി മുഹമ്മദ്‌ നിസാം  കാറിടിച്ചു പരിക്കേല്‍പിച്ച കണ്ടശാംകടവ് കാരമുക്ക് വിളക്കുംകാല്‍ കാട്ടുങ്ങല്‍വീട്ടില്‍ ചന്ദ്രബോസ് (47) മരിച്ചു. തൃശൂര്‍ പുഴയ്ക്കല്‍ പാടത്തെ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായിരുന്നു ചന്ദ്രബോസ്. അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രബോസിനെ നാലു തവണ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

 

ഇവിടത്തെ താമസക്കാരനായ കിങ്സ് ബീഡി കമ്പനി മാനേജിങ് ഡയറക്ടര്‍ നിസാം ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് കുറ്റപ്പെടുത്തി ജനുവരി 29-ന് ചന്ദ്രബോസിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന നിസാമിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

 

വാഹനമിടിച്ച് പരിക്കേല്‍പിച്ചതിന് പുറമെ ചന്ദ്രബോസിനെ നിസാം മാരകമായി ആക്രമിക്കുകയും ചെയ്തിരുന്നു. ചന്ദ്രബോസിന്റെ വാരിയെല്ലുകളും കൈയും ഒടിയുകയും ശ്വാസകോശമടക്കം ആന്തരാവയവങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിസാമിന്റെ അക്രമത്തെ തുടര്‍ന്ന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേല്‍പിച്ച് വാഹനത്തില്‍ കയറ്റി പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചു.

 

ചന്ദ്രബോസിന്റെ ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

 

നേരത്തെ, പത്തു വയസ്സുള്ള മകനെക്കൊണ്ട് കാറോടിപ്പിച്ച് ദൃശ്യം യൂട്യൂബിലിട്ടതും വനിതാ പൊലീസ് എസ്.ഐയെ കാറില്‍ പൂട്ടിയിട്ടതുമായ സംഭവങ്ങളില്‍ നിസാമിനെതിരെ കേസുണ്ടായിരുന്നു. കൊച്ചിയില്‍ ചലച്ചിത്രതാരം ഷൈന്‍ ടോം ചാക്കോയെയും യുവതികളെയും കൊക്കെയിന്‍ കേസില്‍ പിടികൂടിയ ഫ്ലാറ്റ് നിസാമിന്റെ പേരിലുള്ളതാണ്.