Skip to main content
ന്യൂഡല്‍ഹി

sree padmanabhaswami temple

 

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‍ ശുദ്ധീകരണത്തിനായി കൊണ്ടുപോയ സ്വര്‍ണ്ണത്തില്‍ വലിയൊരു അളവ് കാണാനില്ലെന്ന് മുന്‍ സി.എ.ജി വിനോദ് റായ് തയ്യാറാക്കിയ ആഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അലങ്കാര പണികളുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് നല്‍കിയ 893.644 കിലോഗ്രാം സ്വര്‍ണ്ണത്തില്‍ 627.372 കിലോഗ്രാം സ്വര്‍ണ്ണം മാത്രമേ മടക്കി കിട്ടിയിട്ടുള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്.

 

നല്‍കിയ സ്വര്‍ണ്ണത്തിന്റെ 30 ശതമാനം വരുന്ന 266.272 കിലോഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി വിനോദ് റായ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ക്ഷേത്ര നിലവറയില്‍ കണ്ടെത്തിയ സ്വത്തുക്കളുടെ കൈകാര്യം സംബന്ധിച്ച കേസില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ശുപാര്‍ശ അനുസരിച്ച് സുപ്രീം കോടതിയാണ് കഴിഞ്ഞ ഏപ്രിലില്‍ ക്ഷേത്ര സ്വത്തുക്കളുടെ ആഡിറ്റ് നടത്താന്‍ റായിയെ ചുമതലപ്പെടുത്തിയത്.

 

പുറത്തുള്ളവര്‍ക്ക് കൈമാറുന്നതിന് മുന്‍പ് സ്വര്‍ണ്ണത്തിന്റെ തൂക്കവും ശുദ്ധതയും അറിയുന്നതിന് ക്ഷേത്രം ഭരണാധികാരികളുടെ പക്കല്‍ ഒരു സംവിധാനവും ഇല്ലായിരുന്നുവെന്നും കരാറുകാര്‍ നല്‍കിയ വിവരങ്ങളെയാണ് ഭരണാധികാരികള്‍ ആശ്രയിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

 

നാല് വര്‍ഷം മുന്‍പ് നല്‍കിയ 14.629 കിലോഗ്രാം വരുന്ന 24 കാരറ്റ് സ്വര്‍ണ്ണക്കട്ടികളേയും 4.8 കോടി രൂപ വിലമതിക്കുന്ന 1.938 കിലോഗ്രാം തങ്കത്തേയും കുറിച്ചും വിവരമൊന്നുമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.  

 

അനാസ്ഥ മൂലമുണ്ടായ മറ്റു നഷ്ടങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ആറു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന മുറജപം അവസാനമായി നടന്നത് 2014 ജനുവരി 14-നാണ്. എന്നാല്‍, ഇതിന്റെ ഭാഗമായി നടക്കിരുത്തേണ്ട ആനക്കുട്ടി എത്തിയത്. ജനുവരി 27-28 തിയതികളിലും. ഇതുമൂലം 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് കണ്ടെത്തി.