Skip to main content
മഞ്ചേരി

nilambur radhaനിലമ്പൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ വെച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ നിലമ്പൂര്‍ ബിജു നിവാസില്‍ ബി.കെ.ബിജു, കുന്നശേരി ഷംസുദ്ദീന്‍ എന്ന ബാപ്പുട്ടി എന്നിവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ശശികുമാര്‍ ആണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്. ഇവര്‍ കുറ്റക്കാരെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.

 

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ അടിച്ചുതളി ജോലി ചെയ്തിരുന്ന കോവിലകത്ത് മുറിയില്‍ ചിറയ്ക്കല്‍ രാധ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് ഓഫീസിനുള്ളില്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി 10-ന് മൃതദേഹം സമീപത്തുള്ള കുളത്തില്‍ നിന്ന് കണ്ടെടുത്തു. ഒന്നാം പ്രതി ബിജുവിന്റെ അവിഹിത ബന്ധം പുറത്തുപറയുമെന്ന് ഭീഷണിയും ഇവര്‍ തമ്മിലുള്ള പണമിടപാടിലെ പ്രശ്നങ്ങളും കൊലപാതകത്തില്‍ കലാശിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരനും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സ്റ്റാഫംഗവുമായിരുന്നു ബിജു.

 

കൊലപാതകം, മാനഭംഗം, തെളിവു നശിപ്പിക്കല്‍, മൃതദേഹത്തിലെ ആഭരണങ്ങള്‍ മോഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇവ തെളിയിക്കുന്നതിന് പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി വിലയിരുത്തിയിരുന്നു. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസ് എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.