Skip to main content
തിരുവനന്തപുരം

biju rameshബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രി കെ.എം മാണിയ്ക്ക് കോഴ നല്‍കിയെന്ന് ബാറുടമകള്‍ പറയുന്ന ശബ്ദരേഖയുടെ എഡിറ്റ് ചെയ്യാത്ത ഒറിജിനല്‍ ഹാര്‍ഡ് ഡിസ്ക് തന്നെ തെളിവായി ഹാജരാക്കണമെന്ന് വിജിലന്‍സ്. എന്നാല്‍, കേസ്‌ അട്ടിമറിക്കില്ലെന്ന്‌ ഉറപ്പില്ലാത്തതിനാല്‍ വിജിലന്‍സിന്‌ ഹാര്‍ഡ്‌ ഡിസ്ക് കൈമാറില്ലെന്ന് ആരോപണം ഉന്നയിച്ച ബാറുടമ അസോസിയേഷന്‍ നേതാവ് ബിജു രമേശ്‌ പ്രതികരിച്ചു.

 

എഡിറ്റ്‌ ചെയ്‌ത സി.ഡി. കോടതി തെളിവായി സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്‌ വിജിലന്‍സ്‌ ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെങ്കിൽ ഒറിജിനൽ തന്നെ വേണമെന്നും വിജിലന്‍സ് പറയുന്നു. ഹാര്‍ഡ്‌ ഡിസ്ക് ആവശ്യപ്പെട്ട് ബിജു രമേശിന്‌ നോട്ടീസ്‌ അയക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

വിജിലന്‍സ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ സര്‍ക്കാര്‍ കേസ്‌ അട്ടിമറിക്കുമെന്ന് കരുതുന്നതായി ബിജു രമേശ്‌ പറഞ്ഞു. അതേസമയം കോടതിക്ക് മുമ്പിലോ കേന്ദ്ര ഏജന്‍സി ആവശ്യപ്പെട്ടാലോ മുഴുവന്‍ ശബ്ദരേഖയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ബാറുടമകളുടെ എഡിറ്റ് ചെയ്ത സംഭാഷണം അടങ്ങിയ രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയുടെ സി.ഡിയാണ് നേരത്തെ ബിജു രമേശ്‌ വിജിലൻസിന് കൈമാറിയത്. പതിനാറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് തന്റെ കൈവശമുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.