Skip to main content
കൊച്ചി

shine tom chacko

 

 

 

ലഹരിമരുന്ന് ഉപയോഗിച്ചതിനും കൈവശം വച്ചതിനും യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊച്ചിയില്‍ പിടിയില്‍. തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതിന് പിടിയിലാണ് വ്യവസായി മുഹമ്മദ്‌ നിസാമിന്റെ കടവന്ത്രയിലുള്ള ഫ്ലാറ്റില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായ ഇതിഹാസയില്‍ നായകനായിരുന്നു ഷൈന്‍.

 

ഈയിടെ പുറത്തിറങ്ങിയ ഡോള്‍ഫിന്‍ എന്ന സിനിമയുടെ സഹസംവിധായക ബ്ലസി, ദുബൈയില്‍ ട്രാവല്‍ ഏജന്‍സി ഉടമയായ സ്നേഹ, മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന രേഷ്മ, ടിന്‍സി എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

 

ഫ്ലാറ്റ് കെട്ടിടത്തിലേക്കുള്ള ഗേറ്റ്‌ തുറക്കാന്‍ താമസിച്ചതിന്റെ പേരിലാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നിസാം മര്‍ദ്ദിച്ചത്. മദ്യലഹരിയില്‍ ആയിരുന്ന നിസാമില്‍ നിന്ന്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്ര ബോസിനെ കാറിടിച്ച്‌ വീഴ്ത്തുകയും തുടര്‍ന്ന്‍ വീണ്ടും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് ചന്ദ്രബോസ്.

 

കൊലപാതക ശ്രമത്തിന് കേസെടുത്ത നിസമിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പത്തോളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്‌.