Skip to main content
ന്യൂഡല്‍ഹി

mv jayarajanകോടതിയലക്ഷ്യ കേസില്‍ സി.പി.ഐ.എം നേതാവ് എം.വി ജയരാജന്റെ തടവുശിക്ഷ സുപ്രീം കോടതി ശരിവച്ചു. എന്നാല്‍, തടവുശിക്ഷ നാലു ആഴ്ചയായി കോടതി ഇളവ് ചെയ്തു. കേസില്‍ ആറു മാസം തടവും 2000 രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരുന്നത്. പിഴത്തുക ജയരാജന്‍ നേരത്തെ അടച്ചിരുന്നു. ജനാധിപത്യ സംരക്ഷകനെ നിലയില്‍ വിധി അംഗീകരിക്കുമെന്നും ജയിലില്‍ പോകാന്‍ തന്നെയാണ് തീരുമാനമെന്നും ജയരാജന്‍ പ്രതികരിച്ചു.

 

പൊതുനിരത്തുകളിലെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ നടത്തിയ ശുംഭന്‍ എന്ന പ്രയോഗത്തിലൂടെ കോടതിയേയും ജഡ്ജിമാരേയും ജയരാജന്‍ അപമാനിക്കുകയായിരുന്നു എന്നതാണ് കേസ്. ജയരാജന്‍ കുറ്റക്കാരനാണെന്നതില്‍ സംശയമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മാപ്പു പറഞ്ഞാല്‍ ശിക്ഷ ഒഴിവാക്കാമായിരുന്നുവെങ്കിലും വാദത്തിന്റെ ഒരു ഘട്ടത്തില്‍ പോലും അതിനു തയ്യാറായിട്ടില്ലാത്ത ജയരാജന്‍ ശിക്ഷ ചോദിച്ചുവാങ്ങുകയാണെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി വിധി ചോദ്യം ചെയ്തു ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

 

2010 ജൂലായ് 26-ന് കണ്ണൂരിലായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. സ്വമേധയാ കേസെടുത്ത ഹൈക്കോടതി 2011 നവംബറില്‍ ജയരാജനെ ശിക്ഷിച്ചു. തുടര്‍ന്ന് ഒരാഴ്ചയോളം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജയരാജന്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയത്.