Skip to main content
ആലപ്പുഴ

krishnapilla memorial attackedആലപ്പുഴയിൽ പി. കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ചതു സംബന്ധിച്ച കേസന്വേഷണം നിലക്കുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ താൽപര്യപ്രകാരമാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് അറിയുന്നു. കേസ്സിനോടനുബന്ധിച്ച് ചിലരെ ചോദ്യം ചെയ്യാനായി നോട്ടീസ് അയക്കാൻ നടപടി തുടങ്ങിയപ്പോഴാണ് ആരേയും ചോദ്യം ചെയ്യേണ്ടെന്ന നിർദ്ദേശം കേസ്സന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചത്.

 

വെള്ളാപ്പള്ളി നടേശന് താൽപ്പര്യമുള്ളവർ ചോദ്യം ചെയ്യപ്പെടാനിടയുള്ളതാണ് അദ്ദേഹത്തെ ഈ കേസ്സിൽ ഇടപെടാൻ പ്രേരിപ്പിച്ചത്. വെള്ളാപ്പള്ളി നടേശൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ തന്റെ ആവശ്യം വിളിച്ചു പറഞ്ഞതനുസരിച്ച് രമേശ് ചെന്നിത്തല നേരിട്ടാണ് അന്വേഷണസംഘത്തോട് അന്വേഷണം അവസാനിപ്പിക്കാൻ പറഞ്ഞതെന്നും അറിയുന്നു.

 

തുടക്കം മുതൽ ഈ കേസ്സിൽ പ്രാദേശിക താൽപ്പര്യങ്ങളാണ് അന്വേഷണത്തിന്റെ ഗതിയെ നിയന്ത്രിച്ചത്. ആലപ്പുഴ ജില്ലാസമ്മേളനത്തിന്റെ മുൻപ് ജി. സുധാകരൻ എം.എൽ.എയുടെ താൽപ്പര്യങ്ങളായിരുന്നു നിർണ്ണായകം. അത് ഫലം കാണുകയും ചെയ്തു. അതിനെ തുടർന്നാണ് നിലവിലുണ്ടായിരുന്ന ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബു മാറി സുധാകരന്റെ താൽപ്പര്യാനുസരണം സജി ചെറിയാൻ സെക്രട്ടറിയായത്.

 

കൃഷ്ണപിള്ള സ്മാരകം തീവെച്ചതാരാണെന്നും ആരുടെ നിർദ്ദേശപ്രകാരമാണ് തീവെപ്പ് നടന്നതെന്നുമൊക്കെയുള്ള വിവരം കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നു. അതിന്റെയടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനുള്ള നോട്ടീസയയ്ക്കാൻ അന്വേഷണ സംഘം തയ്യാറെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണസംഘത്തിന് പല ഭാഗത്തുനിന്നും വൻ ഭീഷണി ഉണ്ടായി. ക്രൈംബ്രാഞ്ച് എസ്.പി തന്നെ അന്വേഷണച്ചുമതലയുള്ള ഡി.വൈ.എസ്.പിയെ ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തി. ഇതിനെതിരെ ഡി.വൈ.എസ്.പി ഇന്റലിജന്‍സ് അഡീഷണൽ ഡി.ജി.പിയ്ക്ക് രേഖാമൂലം പരാതി നൽകി. എന്നാൽ അത് വെറും തമാശയായി കണ്ടാൽ മതിയെന്ന് ഡി.വൈ.എസ്.പിയെ ഉപദേശിച്ചുകൊണ്ട് ആ പരാതി അഡീഷണൽ ഡി.ജി.പി തള്ളിക്കളയുകയായിരുന്നു.

 

ഇതുവരെ ഈ കേസ്സിൽ അഞ്ചു പേരാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയായിരുന്നപ്പോൾ വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി. ചന്ദ്രൻ, സി.പി.ഐ.എം കണ്ണാര്‍ക്കാട് മുന്‍ ലോക്കൽ കമ്മറ്റി സെക്രട്ടറിയും വെള്ളാപ്പള്ളി നടേശന് താൽപ്പര്യമുള്ളയാളുമായ സാബു, ദീപു, പ്രമോദ്, രാജേഷ് എന്നിവരാണവർ.അന്വേഷണം നിലച്ച സാഹചര്യത്തിൽ തങ്ങളെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് അന്വേഷണസംഘത്തലവൻ താമസിയാതെ ആവശ്യപ്പെടുമെന്നുമറിയുന്നു.