Skip to main content
തിരുവനന്തപുരം

 

ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗെയിംസ് നടത്തിപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗെയിംസ് തയ്യാറെടുപ്പില്‍ വ്യാപകമായി ക്രമക്കേടും പാളിച്ചകളും ഉള്ളതായ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

വിമര്‍ശനങ്ങളെ ഗുണകരമായി കാണുന്നുവെന്നും ഇവ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഗെയിംസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 31-നാണ് മുപ്പത്തി അഞ്ചാമത് ഗെയിംസ് ആരംഭിക്കുന്നത്.

 

ഗെയിംസ് തയ്യാറെടുപ്പുകള്‍ക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ നിന്ന്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഗെയിംസ് സാംസ്കാരിക സമിതിയില്‍ നിന്ന്‍ കോണ്‍ഗ്രസ് എം.എല്‍.എ പാലോട് രവിയും സംഘാടക സമിതിയില്‍ നിന്ന്‍ മുന്‍ കായിക വകുപ്പ് മന്ത്രിയും കേരള കോണ്‍ഗ്രസ് എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാറും രാജിവെച്ചിരുന്നു. ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രവിയുടെ രാജിയെങ്കില്‍ ഗെയിംസുമായി ബന്ധപ്പെട്ട കരാറുകളില്‍ വന്‍ അഴിമതിയാണ് ഗണേഷ് കുമാര്‍ ആരോപിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എ കെ. മുരളീധരനും ഗെയിംസ് സംഘാടക സമിതിയ്ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് യോഗം വിളിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു.

 

പ്രതിപക്ഷവും വിമര്‍ശനം ശക്തമാക്കിയിട്ടുണ്ട്. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ദേശീയ ഗെയിംസിലൂടെ രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്ന അവസരം സര്‍ക്കാര്‍ കളഞ്ഞുകുളിച്ചതായി  സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഗെയിംസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംസ്ഥാനത്തിന് നാണക്കേട്‌ ഉണ്ടാക്കിയതായും അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു.

 

ഗെയിംസിന് മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ പ്രധാനവേദിയായ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലും ഏഴു ജില്ലകളില്‍ ആയുള്ള 31 വേദികളിലും പണികള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.