Skip to main content

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിനു നോട്ടിസ്. എറണാകുളം മഹാരാജാസ് കോളജ് സ്റ്റാഫ് ക്വാർട്ടേഴ്സിലെ മുറിയിൽനിന്നും ആയുധങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടിസ് നൽകിയത്. പി.ടി. തോമസും ഹൈബി ഈഡനുമാണ് അവകാശലംഘന നോട്ടിസ് നൽകിയത്.

 

പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിലേയും തിരച്ചില്‍ പട്ടികയിലെയും  വിവരങ്ങൾ മറച്ചുവച്ചതിലൂടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ആരെയോ സഹായിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നും നോട്ടീസില്‍ ആരോപിക്കുന്നു. പിടിച്ചെടുത്തത് കെട്ടിട നിര്‍മ്മാണ സാമഗ്രികളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ നല്‍കിയിരുന്ന മുറിയില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചത്.

 

കോളജ് പ്രിൻസിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഈ മാസമാദ്യം കോളജ് സ്റ്റാഫ് ക്വാർട്ടേഴ്സിൽ സെൻട്രൽ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടു മീറ്ററോളം നീളമുള്ള 14 ഇരുമ്പുവടികളും നാലു തടി വടികളും ഒരു വാക്കത്തിയും പിടിച്ചെടുത്തത്. ആയുധ നിരോധന നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നതും.

 

മുഖ്യമന്ത്രി സഭയില്‍ ഇല്ലായിരുന്നതിനാല്‍ വിഷയം പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എഫ്.ഐ.ആറിൽ ഉള്ളത് തന്നെയാണ് നിയമസഭയില്‍ താന്‍ ഉദ്ധരിച്ചതെന്നാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ നേരത്തെ നല്‍കിയ വിശദീകരണം.