Skip to main content

തിരുവനന്തപുരം എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തില്‍ തെളിവ് നശിപ്പിക്കപ്പെട്ടതായി ആരോപണം. മൃതദേഹം മരണം നടന്ന ന്യൂഡല്‍ഹി ലീല പാലസ് ഹോട്ടലിലെ ഒരു മുറിയില്‍ നിന്ന്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയതായി ടെലിവിഷന്‍ ന്യൂസ് ചാനല്‍ റിപ്പബ്ലിക് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടില്‍ തരൂരിന്റെ സഹായിയുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങളും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.  

 

പുഷ്കര്‍ മരിച്ച 2014 ജനുവരി 17-ന് പുലര്‍ച്ചെ 6.30ന് ഹോട്ടലില്‍ നിന്ന്‍ പോയ തരൂര്‍ പിന്നീട് മടങ്ങിവന്നെങ്കിലും ഇത് അന്വേഷണ ഏജന്‍സികളില്‍ നിന്ന്‍ മറച്ചുവെച്ചതായും ചാനല്‍ ആരോപിച്ചു. രാത്രി ഏറെ വൈകിയും തരൂരും പുഷ്കറും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നതായും 6.30നാണ് പുഷ്കര്‍ ഉറങ്ങാന്‍ പോയതെന്നും സഹായിയെ ഉദ്ധരിച്ച് ചാനല്‍ പറഞ്ഞു. ഹോട്ടലില്‍ നിന്ന്‍ പുഷ്കറിന്റെ വസ്ത്രങ്ങള്‍ മാറ്റിയിരുന്നതായും മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതില്‍ നിന്ന്‍ അവരെ തടഞ്ഞിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്.

 

എന്നാല്‍, വളച്ചൊടിക്കലുകളും നുണകളുമാണ് ചാനല്‍ റിപ്പോര്‍ട്ടിലെന്ന്‍ തരൂര്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ ഫേസ്ബുക്ക് കുറിപ്പില്‍ തരൂര്‍ വെല്ലുവിളിച്ചു.

 

കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ ഡല്‍ഹി പോലീസ് മേധാവി അമൂല്യ പട്ന കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.