Skip to main content

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന്‍ ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പ് വെച്ചു. ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും.

 

നിലവിലെ പോലീസ് മേധാവി ലോകനാഥ് ബെഹ്റ വിജിലന്‍സ് മേധാവിയാകും. വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ജേക്കബ് തോമസ്‌ അവധിയില്‍ പോയതിനെ തുടര്‍ന്ന്‍ വകുപ്പിന്‍റെ അധിക ചുമതല വഹിക്കുകയായിരുന്നു ബെഹ്റ.

 

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പോലീസ് മേധാവി സ്ഥാനത്ത് സെന്‍കുമാറിനെ മാറ്റിയെങ്കിലും ഇതിനെ നിയമപരമായി നേരിട്ടാണ് അദ്ദേഹം സ്ഥാനത്ത് തിരിച്ചെത്തുന്നത്. സര്‍ക്കാറിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി കേന്ദ്ര അഡ്മിനിസ്ട്രെറ്റീവ് ട്രൈബ്യൂണലും കേരള ഹൈക്കോടതിയും തള്ളിയെങ്കിലും സുപ്രീം കോടതി ഏപ്രില്‍ 24-ന് ശരിവെക്കുകയായിരുന്നു.

 

സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിയമിക്കാനുള്ള ഹര്‍ജിയില്‍ വ്യക്തതയും ഭേദഗതിയും തേടി സംസ്ഥാനം കഴിഞ്ഞ ദിവസം നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി കടുത്ത പരാമര്‍ശത്തോടും പിഴയോടും കൂടി തള്ളിയിരുന്നു. നിയമനം വൈകിപ്പിക്കുന്നതായി ആരോപിച്ച് സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനും സുപ്രീം കോടതി തീരുമാനിച്ചതോടെയാണ്‌ നിയമനം ഉണ്ടായത്.