Skip to main content

ടി.പി. സെന്‍കുമാറിന് സംസ്ഥാന പോലീസ് മേധാവിയായി പുനര്‍നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട വിധിയില്‍ കൂടുതല്‍ വ്യക്തതയും ഭേദഗതിയും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിതള്ളി. കോടതിച്ചെലവിലേക്കായി സര്‍ക്കാര്‍ 25,000 രൂപ കെട്ടിവെക്കണമെന്നും കോടതി ഉത്തരവിട്ടു.

 

വിധി നടപ്പിലാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി നിയമനം വൈകുന്നതില്‍ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനും തീരുമാനിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം തേടി കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

 

വിധി നടപ്പാക്കാത്ത ചീഫ്‌ സെക്രട്ടറി കോടതിയലക്ഷ്യമാണ് ചെയ്‌തെന്നും ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയെ കോടതിയില്‍ വിളിച്ചു വരുത്തണമെന്നും സെന്‍കുമാറിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അതിപ്പോള്‍ വേണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കുമോ എന്ന് നോക്കാം അല്ലെങ്കില്‍ എന്ത് വേണമെന്ന് തങ്ങള്‍ക്കറിയാം എന്ന കടുത്ത പരമാര്‍ശവും കോടതി നടത്തി.

 

ഏപ്രില്‍ 24-നാണ് സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ തന്നെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്ന്‍ മാറ്റിയത് ചട്ടവിരുദ്ധമായിട്ടാണ് എന്നാരോപിച്ചാണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചത്.