Skip to main content

ടി.പി. സെന്‍കുമാറിന് സംസ്ഥാന പോലീസ് മേധാവിയായി പുനര്‍നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട വിധിയില്‍ കൂടുതല്‍ വ്യക്തതയും ഭേദഗതിയും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനുള്ള നടപടികൾ ചീഫ് സെക്രട്ടറി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചതിന് പിന്നാലെയാണ് നടപടി. ഇതേ വിഷയത്തില്‍, ഉത്തരവ് നടപ്പാക്കാൻ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് സെൻകുമാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുമുണ്ട്.

 

സെന്‍കുമാര്‍ പോലീസ് മേധാവി അല്ലായിരുന്നുവെന്നും പോലീസ് സേനയുടെ ചുമതലയുള്ള ഡി.ജി.പി ആയിരുന്നുവെന്നും എന്നാല്‍ ലോക്‌നാഥ് ബഹ്‌റയെ നിയമിച്ചത് പോലീസ് മേധാവിയായാണ് എന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ പറയുന്നത്. ബെഹ്റയെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് സെന്‍കുമാറിനെ മാറ്റിയത്. എന്നാല്‍, സെന്‍കുമാറിനെ മാറ്റിയ ഉത്തരവ് അസാധുവാക്കിയ സുപ്രീം കോടതി ഉത്തരവില്‍ ബെഹ്റയുടെ നിയമനം സംബന്ധിച്ച് പരാമര്‍ശമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ബെഹ്റയടക്കമുള്ളവരുടെ കാര്യത്തില്‍ തുടര്‍ നടപടി സംബന്ധിച്ച വ്യക്തത തേടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഇതു കൂടാതെ, സെൻകുമാറിനെ പുനർനിയമിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഏപ്രില്‍ 24-നാണ് സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ നടപടി സ്വീകരിക്കാത്തത് കോടതിയലക്ഷ്യമാണെന്നും  ഇക്കാരണത്താൽ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ടാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കിയത്.