Skip to main content

യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവറാണ് പോലീസിന്റെ ഇപ്പോഴത്തെ വീഴ്ചകള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനത്തോട് മോശമായി പെരുമാറരുതെന്ന് പൊലീസിന് പ്രത്യേക നിർദ്ദേശം നല്‍‌കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ പൊലീസ് സേനയിലുണ്ടായി. ഭരണം മാറിയിട്ടും ഇതറിഞ്ഞിട്ടില്ലായെന്ന മട്ടിലുള്ള ചിലരുടെ പ്രവർത്തനങ്ങളാണ് ഇപ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾക്കു കാരണമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.

 

വീഴ്ചകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നും വീഴ്ച വരുത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കില്ല എന്ന സന്ദേശമാണ് സര്‍ക്കാരിന് നല്‍കാനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പോലീസുകാര്‍ ആരെയും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

 

ഒഴിവാക്കാനാകാത്ത കേസുകളില്‍ മാത്രമേ യു.എ.പി.എ ചുമത്തൂവെന്നും രാഷ്ട്രീയ കേസുകള്‍ കാപ്പ നിയമം ചുമത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവയെ ഉപദേശകനാക്കിയതില്‍ എന്താണ് കുഴപ്പമെന്നും ഈ വിഷയത്തില്‍ ഉയര്‍ന്ന വിവാദം പരാമര്‍ശിച്ച് മുഖ്യമന്ത്രി ചോദിച്ചു.