Skip to main content

ടി.പി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്നു മാറ്റിയ സര്‍ക്കാര്‍ നടപടി സുപ്രീം കോടതി തള്ളി. സെന്‍കുമാറിനെ ഡി.ജി.പിയായി വീണ്ടും നിയമിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സെന്‍കുമാര്‍ നല്‍കിയ അപ്പീലിലാണ് പരമോന്നത കോടതിയുടെ ഉത്തരവ്.

 

ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസ് തുടങ്ങിയവയില്‍ വീഴ്ച ഉന്നയിച്ചാണ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സെന്‍കുമാറിനെ മാറ്റിയത്. എന്നാല്‍, അതിന് ശേഷം ജിഷ്ണു കേസില്‍ അടക്കം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ സെന്‍കുമാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വാദത്തിനിടെ കോടതിയും മഹിജയുടെ സമരം പരാമര്‍ശിച്ച് ഇപ്പോഴത്തെ ഡി.ജി.പിയെ മാറ്റാത്തതെന്തെന്ന് ചോദിച്ചിരുന്നു.

 

നേരത്തെ, സര്‍ക്കാര്‍ നടപടിയ്ക്കെതിരെ അഡ്മിനിസ് ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയേയും സമീപിച്ചപ്പോഴും വിധി സെന്‍കുമാറിന് എതിരായിരുന്നു. അഖിലേന്ത്യാ സര്‍വീസ് ചട്ടവും കേരള പോലീസ് ആക്ടും അനുസരിച്ച് തനിക്കെതിരായ സര്‍ക്കാര്‍ നടപടി നിയമപരമായിരുന്നില്ലെന്നാണ് സെന്‍കുമാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഡി.ജി.പിമാരെ നിയമിക്കുമ്പോള്‍ നിയമിക്കപ്പെടുന്നവര്‍ക്ക് രണ്ടുകൊല്ലം തുടര്‍ച്ചയായി കാലാവധി ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് 2006-ല്‍ പ്രകാശ് സിങ്ങ് കേസില്‍ സുപ്രീം കോടതിയും ഉത്തരവിട്ടിട്ടുണ്ട്.