Skip to main content

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗം വിളിക്കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ നിര്‍ദ്ദേശം. തുടര്‍ന്ന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഇടുക്കി ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുത്തു.

 

പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി മലമുകളിൽ സ്ഥാപിച്ച കുരിശ് പൊളിച്ച് മാറ്റിയ റവന്യൂ അധികൃതരുടെ നടപടിയെ ചൊല്ലി മുഖ്യമന്ത്രിയും സി.പി.ഐ നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം എല്‍.ഡി.എഫ് യോഗത്തിലും പ്രകടമായതായാണ് റിപ്പോര്‍ട്ട്. ഇടുക്കി കലക്ടറും സബ് കലക്ടറും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയപ്പോൾ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഇതിനെ ഖണ്ഡിച്ചു. എന്നാല്‍,  കുരിശ് പൊളിച്ചു മാറ്റിയതിൽ അവധാനത പുലർത്തിയില്ലെന്ന വികാരം സി.പി.ഐ ഒഴികെയുള്ള കക്ഷികൾ പങ്കുവെച്ചതായാണ് വിവരം. തുടർന്ന്‍ മുഖ്യമന്ത്രി മുന്നോട്ട് വെച്ച സർവകക്ഷി യോഗം എന്ന നിര്‍ദ്ദേശം യോഗം അംഗീകരിക്കുകയായിരുന്നു.

 

വൻകിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനു വേണ്ട നടപടികൾ തുടരണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയിൽ 1977 ജനുവരി ഒന്നിനു മുമ്പുള്ള എല്ലാ  കുടിയേറ്റക്കാര്‍ക്കും നാല് ഏക്കര്‍ വരെ ഉപാധിയില്ലാതെ മേയ് നാലാം വാരത്താടെ പട്ടയം നൽകുന്നതിനുള്ള നടപടികൾ ഊർജിതപ്പെടുത്താനും തീരുമാനമായി. 

 

എല്‍.ഡി.എഫ് യോഗത്തിന് ശേഷം കൂടിയ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം മണിയും രൂക്ഷമായി വിമർശിച്ചുവെന്നും റിപ്പോർട്ട് ഉണ്ട്. മണ്ണുനീക്കല്‍യന്ത്രം കൊണ്ടുപോയി  കുരിശ് പൊളിച്ച നടപടി ശരിയല്ലെന്ന് ജില്ലാ ഭരണകൂടത്തെ  അറിയിച്ചതായി യോഗത്തിന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുകയും ചെയ്തു.

 

കൈയേറ്റം ഒഴിപ്പിക്കല്‍  നടപടിക്ക് ജില്ലാതല ഏകോപനസമിതി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. മെയ് 21ന് പട്ടയമേള സംഘടിപ്പിക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍  അറിയിച്ചു.