Skip to main content

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ വിവിധ സ്ഥലങ്ങളിലെ കൈയ്യേറ്റങ്ങൾക്കെതിരെ നടപടി. പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി സ്ഥാപിച്ച  ഭീമൻ കുരിശും കമ്പിവേലിയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചു നീക്കി. കുരിശിനു സമീപം നിർമിച്ചിരുന്ന ഷെഡുകളും പൊളിച്ച് കത്തിച്ചു.

 

ദേവികുളം അഡീഷണൽ തഹസിൽദാർ പി.കെ സാജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പാപ്പാത്തിച്ചോലയിൽ കൈയേറ്റം ഒഴിപ്പിച്ചത്. ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. വൻ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്നാം തവണയാണ് കൈയേറ്റം ഒഴിപ്പിക്കാനായി ദൗത്യസംഘം പാപ്പാത്തിച്ചോലയിൽ എത്തുന്നത്.

 

കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സംഘത്തിന് നേരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. ഉദ്യോഗസ്ഥരെ തടയാനെത്തിയവരെ പോലീസ് പിന്തിരിപ്പിച്ചു. സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയും പ്രതിഷേധക്കാര്‍ തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചു.

 

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പിരിറ്റ് ഓഫ് ജീസസ് എന്ന സംഘടന ഏതാനും മാസങ്ങൾക്ക് മുമ്പാണ് സർക്കാർ ഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ചത്. രണ്ടായിരത്തോളം ഏക്കർ വരുന്ന പ്രദേശത്ത് കുരിശ് സ്ഥാപിച്ച് ആധ്യാത്മിക ടൂറിസം നടത്താനായിരുന്നു നീക്കം.