Skip to main content

ജിഷ്ണു കേസില്‍ സര്‍ക്കാരിനു സാധ്യമായതെല്ലാം ചെയ്തെന്നും ഒരു സര്‍ക്കാരിനും ഇതിലധികം ഒന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് കാര്യത്തിനാണ് മഹിജയും ബന്ധുക്കളും സമരം ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

കേസുമായി ബന്ധപ്പെട്ടു സർക്കാർ ഏതു കാര്യത്തിലാണ് വീഴ്ച വരുത്തിയതെന്ന് നടപടികള്‍ എടുത്തുപറഞ്ഞുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരത്തെ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചു. അത് പ്രോത്സാഹിപ്പിക്കാനില്ല. താനിടപെട്ടാല്‍ മാത്രം തീരുമായിരുന്ന സമരമായിരുന്നില്ല. പെട്ടന്ന് അവസാനിപ്പിക്കാനും ചിലര്‍ ആഗ്രഹിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഡി.ജി.പി. ഓഫീസിനു മുന്നില്‍ നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം എല്ലാവരെയും വേദനിപ്പിച്ചു. സര്‍ക്കാര്‍ നടപടികളെ കുറ്റപ്പെടുത്താത്തവര്‍ പോലും സമരം അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. അമ്മയുടെ മാനസികാവസ്ഥ രാഷ്ട്രീയമായി മുതലെടുത്തെന്ന വിലയിരുത്തലുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായാൽ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കുടുംബത്തിന്റെ പ്രശ്‌നവും പരാതിയും സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അതിനെക്കുറിച്ച് അന്വേഷിച്ച് എന്തെങ്കിലും വീഴ്ചയുണ്ടെന്ന് കണ്ടാല്‍ നടപടിയെടുക്കുമെന്നും മഹിജയുമായി സംസാരിച്ചപ്പോള്‍ ഉറപ്പ് കൊടുത്തിട്ടുണ്ടെന്ന്‍ അദ്ദേഹം വ്യക്തമാക്കി.

 

ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്താണ് സമരത്തിന് പിന്നിലെന്ന്‍ ആരോപിച്ച മുഖ്യമന്ത്രി  ശ്രീജിത്ത് ആരെയൊക്കെ ബന്ധപ്പെട്ടിരുന്നുവെന്നു തനിക്കു പറയാൻ കഴിയില്ലെന്ന് പറഞ്ഞു. പൂർണമായും പാർട്ടി കുടുംബം ആണെങ്കിൽ എസ്‌.യു.സി.ഐ.യ്ക്ക് എങ്ങനെ അവരെ റാഞ്ചാൻ പറ്റിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

 

അറസ്റ്റിലായ കെഎം ഷാജഹാനോട് തനിക്ക് ഒരു വ്യക്തിവിരോധവുമില്ലെന്നും അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ മുമ്പ് തന്നെ വിരോധം തീര്‍ക്കാമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.