Skip to main content

സ്ഥാനത്ത് നിന്ന്‍ മാറ്റിയതിനെതിരെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ പരിഹാസം. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സമരം ചെയ്തിട്ട് ഇപ്പോഴുള്ള ഡി.ജി.പിയെ മാറ്റിയോ എന്ന്‍ ചോദിച്ച് കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരിഹാസം. കേസിന്‍റെ വാദം രണ്ടു ദിവസം നീട്ടിവെക്കണമെന്ന കേരള സർക്കാറിന്‍റെ ആവശ്യവും കോടതി തള്ളി. കേസിൽ ഇന്നു തന്നെ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

 

മഹിജ  അഞ്ച് ദിവസം നിരാഹാര സമരം ചെയ്തത് പരാമര്‍ശിച്ച കോടതി ഈയൊരു കാര്യം പരിഗണിച്ചുകൊണ്ട് നിലവിലെ ഡി.ജി.പിയെ മാറ്റിയിട്ടുണ്ടോ എന്നാണ് ചോദിച്ചത്. ഇല്ല സര്‍ക്കാര്‍ മറുപടി നല്‍കി. സെന്‍കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്ന സര്‍ക്കാരിന്റെ വാദം സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. സെന്‍കുമാറിനെ മാറ്റാനുള്ള ഒരു കാരണമായി ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് സുപ്രീംകോടതി ഇത്തരത്തിലൊരു ചോദ്യം ചോദിച്ചത്

 

കേസില്‍ സത്യവാങ്മൂലങ്ങൾ സമർപ്പിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടത്. എന്നാൽ, ഉയർന്ന ഉദ്യോഗസ്ഥർ ഡൽഹിയിൽ ഉണ്ടായിട്ടും എന്തുകൊണ്ട് സത്യവാങ്മൂലം നൽകാത്തതെന്ന് സുപ്രീം കോടതി ചോദിച്ചു.

 

പൊലീസ് മേധാവി സ്‌ഥാനത്തു നിന്നു സെൻകുമാറിനെ മാറ്റുന്നതിന് ആധാരമാക്കിയ രേഖകൾ ഹാജരാക്കാൻ സംസ്‌ഥാന സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. പുറ്റിങ്ങൽ ജുഡീഷ്യൽ കമീഷന്‍റെ നടപടികളുടെ സ്‌ഥിതി, സി.ബി.സി.ഐ.ഡി അന്വേഷണത്തിന്‍റെ റിപ്പോർട്ട്, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്‍റെ സ്‌ഥിതി തുടങ്ങിയ കാര്യങ്ങളാണ് സത്യവാങ്‌മൂലമായി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്.

 

എന്നാല്‍ കൂടുതല്‍ സമയം നല്‍കുന്നതിനെ സെന്‍കുമാറിന്റെ അഭിഭാഷകന്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. കേസ് അനന്തമായി നീട്ടാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഇത്രദിവസം നല്‍കിയിട്ടും ഒരു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.