Skip to main content

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട സമരത്തിന്‌ പോലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മയടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന്‍ ഒഴിവാക്കിയിരുന്നു.

 

സ്വകാര്യവാഹനങ്ങള്‍, കൂടുതലായും ഇരുചക്രവാഹനങ്ങള്‍, മാത്രമേ നിരത്തില്‍ ഇറങ്ങിയുള്ളൂ. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള പൊതുഗതാഗത വാഹനങ്ങള്‍ ഓടിയില്ല. വിവിധ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു.

 

ജിഷ്ണുവിന്റെ അമ്മ മഹിജയും അവരുടെ സഹോദരനും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിരാഹാര സമരം നടത്തുകയാണ്. മഹിജയുടെ മകള്‍ അവിഷ്ണയും കോഴിക്കോടുള്ള വീട്ടില്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

 

പോലീസ് നടപടികളെ കുറിച്ച് തുടര്‍ച്ചയായി പരാതി ഉയരുന്ന സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചിട്ടുണ്ട്.