Skip to main content

മലയാളി യുവാവ് ആസ്ത്രേലിയയില്‍ വംശീയ അതിക്രമത്തിന് ഇരയായി. കോട്ടയം പുതുപ്പള്ളി സ്വദേശി ലിമാക്സ് ജോയി (33)ക്ക് നേരെയാണ് ആസ്ത്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്ത് അക്രമം നടന്നത്. മെല്‍ബണില്‍ കഴിഞ്ഞയാഴ്ച മലയാളി കത്തോലിക്കാ പുരോഹിതന് കുത്തേറ്റതിന് പിന്നാലെയാണ് ഈ അക്രമം.

 

നഴ്സിംഗ് വിദ്യാര്‍ത്ഥിയായ ലിമാക്സ് ടാക്സി ഡ്രൈവറായി ഒഴിവുസമയത്ത് ജോലി നോക്കുന്നുണ്ട്. വടക്കന്‍ ഹോബര്‍ട്ടില്‍ ഒരു മാക്‌ഡൊണാള്‍ഡ്സ് റെസ്റ്റോറന്റിന് മുന്നില്‍ വെച്ച് ഒരു പെണ്‍കുട്ടിയടങ്ങുന്ന അഞ്ചംഗ കൗമാര സംഘം വംശീയമായി അധിക്ഷേപം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ലിമാക്സ് പറയുന്നു. മുഖത്തും തലയ്ക്കും പരിക്കേറ്റ ലിമാക്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

കഴിഞ്ഞ എട്ടു വര്‍ഷമായി ഹോബര്‍ട്ടില്‍ കഴിയുന്നയാളാണ് ലിമാക്സ്. വംശീയമായ സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണെന്ന് ലിമാക്സ് പറയുന്നു. പല ഡ്രൈവര്‍മാര്‍ക്ക് നേരെയും അക്രമം നടക്കുന്നുണ്ടെന്നും ആരും പോലീസില്‍ പരാതിപ്പെടാത്തത് ആണെന്നും ലിമാക്സ് വെളിപ്പെടുത്തി.