Skip to main content

ഒരു സ്ത്രീയുമായി ലൈംഗിക സംഭാഷണം നടത്തുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതിനെ തുടര്‍ന്ന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജിവെക്കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള കുറ്റസമ്മതമല്ലെന്നും എന്‍.സി.പി നേതാവായ ശശീന്ദ്രന്‍ പറഞ്ഞു.

 

രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗതാഗതവകുപ്പിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്. ശശീന്ദ്രന് പകരം പുതിയ മന്ത്രി ഉടന്‍ ഉണ്ടാകില്ലെന്ന് എന്‍.സി.പി നേതൃത്വം അറിയിച്ചിട്ടുണ്ട്.

 

മന്ത്രി സ്ത്രീയെ ഫോണില്‍ വിളിച്ച് ലൈംഗിക സംഭാഷണം നടത്തുന്നതിന്റെ ശബ്ദരേഖ പുതുതായി തുടങ്ങിയ മംഗളം ടെലിവിഷനാണ് പുറത്തുവിട്ടത്. പരാതിയുമായി എത്തിയ സ്ത്രീയുമായാണ് മന്ത്രി ഇത്തരത്തില്‍ സംസാരിച്ചതെന്ന് ചാനല്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ വിളിച്ച് രാജിസന്നദ്ധത അറിയിക്കുകയായിരുന്നു.

 

വിഷയം വസ്തുനിഷ്ഠമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിലൂടെ നിരപരാധിത്വം തെളിയിക്കാനാകുമെന്നും ശശീന്ദ്രന്‍ രാജി പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിയായി തുടര്‍ന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ശരിയല്ലെന്നത് കൊണ്ടാണ് രാജി വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.