Skip to main content

പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ രക്തഗ്രൂപ്പ് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കോളേജില്‍ ജിഷ്ണുവിന് മര്‍ദ്ദനമേറ്റതായി പറയപ്പെടുന്ന പി.ആർ.ഒ സഞ്ജിത് വിശ്വനാഥന്റെ മുറിയില്‍ നിന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെടുത്ത രക്തക്കറയാണ് ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒ-പോസിറ്റീവാണെന്ന് കണ്ടെത്തിയിരിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഫോറന്‍സിക് പരിശോധന നടത്തിയത്.

 

ജിഷ്ണു മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടു എന്ന ബന്ധുക്കളുടെ ആരോപണത്തിന് ശക്തിപകരുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. രക്തക്കറ ജിഷ്ണുവിന്റേതാണോയെന്നു സ്ഥിരീകരിക്കാന്‍ വിശദമായ പരിശോധന നടത്തും. മാതാപിതാക്കളുടെ രക്തസാമ്പിള്‍ ശേഖരിച്ച് ഡി.എന്‍.എ പരിശോധനയാണ് നടത്തുക.

 

പരീക്ഷയ്ക്ക് നോക്കിയെഴുതിയെന്ന്‍ ആരോപിച്ച് ജിഷ്ണുവിനെ കോളജ് പി.ആർ.ഒയുടെയും വൈസ് പ്രിൻസിപ്പലിന്റെയും മറ്റും ഓഫിസുകളിൽ എത്തിച്ചു ശാരീരികമായി ഉപദ്രവിച്ചിരുന്നെന്ന് പൊലീസിന്റെ ആദ്യ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

ജിഷ്ണു മരിച്ച ദിവസത്തേയും തൊട്ടടുത്ത ദിവസത്തേയും കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായിരുന്നു. ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായി ഹാര്‍ഡ് ഡിസ്‌കും പോലീസ് ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.