Skip to main content

കൊട്ടിയൂര്‍ പീഡനക്കേസ് വിവാദവുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഫാ.തോമസ് ജാസഫ് തേരകത്തേയും സമിതി അംഗം സിസ്റ്റര്‍ ഡോ. ബെറ്റി ജോസിനേയും സര്‍ക്കാര്‍ പുറത്താക്കി. വയനാട് ശിശുക്ഷേമ സമിതി പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് സമിതിക്കാണ് വയനാട് ജില്ലയുടെ ചുമതല.

 

ഇതോടെ ഇരുവരേയും കേസില്‍ പ്രതിചേര്‍ക്കാന്‍ വഴിതെളിഞ്ഞു. ബാലനീതി നിയമപ്രകാരം സ്ഥാപിതമായ ശിശുക്ഷേമ സമിതിയ്ക്ക് ജുഡീഷ്യല്‍ അധികാരങ്ങള്‍ ഉള്ളതിനാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുന്നതിന് നിയമതടസ്സമുണ്ടായിരുന്നു. പീഡനത്തെ തുടര്‍ന്ന്‍ ജനിച്ച കുഞ്ഞിനെ വയനാട്ടിലെ ദത്തെടുപ്പ് കേന്ദ്രമായ അനാഥാലയത്തിലേക്ക് മാറ്റുന്നതില്‍ ഇവര്‍ വഹിച്ച പങ്കാണ് വിവാദമായിരിക്കുന്നത്.

 

ഫാ. തോമസ് ജോസഫ് തേരകത്തെ മാനന്തവാടി രൂപതാ വക്താവ് സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

 

സംഭവത്തില്‍ വൈത്തിരിയിലെ ദത്തെടുപ്പ് കേന്ദ്രമായ ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്ലിങ് ഹോം മേധാവി സിസ്റ്റര്‍ ഒഫീലിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. വയനാട് ജില്ലാകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. ഇവര്‍ക്ക് പുറമെ പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ടെസി ജോസ്, ഡോ. ഹൈദരലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. തലശ്ശേരി അഡി. സെഷന്‍സ് കോടതിയിലാണ് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

 

നവജാത ശിശുവിനെ ലഭിച്ച വിവരം ശിശുക്ഷേമ സമിതിയംഗം സിസ്റ്റര്‍ ഡോ. ബെറ്റി ജോസിനെ ദത്തെടുപ്പ് കേന്ദ്രത്തില്‍ നിന്നും ഫോണ്‍ വഴി അറിയിച്ചിരുന്നതായാണ് സിസ്റ്റര്‍ ഒഫീലിയ വാദിക്കുന്നത്. എന്നാല്‍ ബാലനീതി നിയമപ്രകാരം സമിതി സ്ഥാപനത്തിലെത്തി തുടര്‍നടപടികള്‍ സ്വീകരിക്കാതെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. ശിശുക്ഷേമ സമിതി ഇതുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചതായുള്ള പ്രസ്താവനയും വാസ്തവ വിരുദ്ധമാണെന്നാണ് ദത്തെടുപ്പ് കേന്ദ്രത്തിന്റെ നിലപാട്.