Skip to main content

പാമ്പാടി നെഹ്റു കോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവി പി. കൃഷ്ണദാസിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നേരത്തേ അനുവദിച്ച ഇടക്കാല ജാമ്യം അന്തിമമാക്കുകയായിരുന്നു.

 

ആത്മഹത്യാ പ്രേരണായായിരുന്നു പോലീസ് കൃഷ്ണദാസിനെതിരെ ചുമത്തിയ പ്രധാന കുറ്റം. എന്നാല്‍, ഇത് ചുമത്തുന്നതിനാവശ്യമായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാനായിട്ടില്ലെന്ന്‍ നിരീക്ഷിച്ചാണ് മുൻകൂർ ജാമ്യം നൽകരുതെന്ന സർക്കാരിന്റെ വാദം കോടതി തള്ളിയത്. പൊതുവായ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളുടെ മേല്‍ കുറ്റം ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ജിഷ്ണുവിന്റെ മരണത്തിൽ കൃഷ്ണദാസിനും മാനേജ്മെന്റിനും നേരിട്ട് പങ്കുണ്ടെന്നായിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർ സി.പി ഉദയഭാനു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വാദിച്ചിരുന്നത്.

 

വിചാരണക്കാലയളവിൽ കോളജിൽ പ്രവേശിക്കരുതെന്നും അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കൃഷ്ണദാസിനു കോടതി നിർദേശം നൽകിയിട്ടുണ്ട്.