Skip to main content

തിരുവനന്തപുരത്തെ ലോ അക്കാദമി ലോ കോളേജില്‍ 29 ദിവസമായി നടന്നുവന്ന സമരം അവസാനിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ പ്രതിനിധികളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഇന്ന്‍ നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്.

 

പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ സ്ഥാനത്ത് നിന്ന്‍ മാറ്റി സര്‍വ്വകലാശാലാ മാനദണ്ഡങ്ങള്‍ പാലിച്ച് പുതിയ പ്രിന്സിപ്പലിനെ നിയമിക്കുമെന്നാണ് ധാരണ. മാനേജ്മെന്റ്റ് ഉറപ്പില്‍ നിന്ന്‍ വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ലോ അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ ഒപ്പ് വെച്ച ധാരണയില്‍ പറയുന്നു.

 

എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനകളാണ് സമരത്തില്‍ തുടര്‍ന്നിരുന്നതെങ്കിലും എസ്.എഫ്.ഐ പ്രതിനിധിയും ധാരണയില്‍ ഒപ്പ് വെച്ചിട്ടുണ്ട്. നേരത്തെ, എസ്.എഫ്.ഐയും മാനേജ്മെന്റും തമ്മില്‍ ഉണ്ടായ ധാരണയില്‍ ലക്ഷ്മി നായര്‍ അഞ്ച് വര്‍ഷത്തേക്ക് അക്കാദമിയില്‍ അധ്യാപികയായി പോലും പ്രവര്‍ത്തിക്കില്ലെന്ന് മാനേജ്മെന്‍റ് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന്‍, അന്ന്‍ എസ്.എഫ്.ഐ സമരത്തില്‍ നിന്ന്‍ പിന്മാറുകയായിരുന്നു. എന്നാല്‍, ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ സമരം തുടരുകയായിരുന്നു.

 

ഡോ. നാരായണന്‍ നായരടക്കമുള്ള ലോ അക്കാദമി പ്രതിനിധികളും സി.പി.ഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രനും മന്ത്രി വി.എസ് സുനില്‍ കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു. നേരത്തെ, സമരത്തില്‍ സമവായമുണ്ടാക്കുന്നതിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി വി.എസ് സുനില്‍കുമാറും വിദ്യാര്‍ഥികളുടെ ഐക്യ സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. രാജി എന്ന വാക്കില്‍ പിടിച്ചു തൂങ്ങേണ്ടതില്ലെന്നും ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ദീര്‍ഘനാളത്തേയ്ക്ക് മാറ്റിനിര്‍ത്തി യോഗ്യതയുള്ള ആളെ നിയമിക്കുക എന്ന നിലപാട് സ്വീകരിക്കാനും ഇരുവരും വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് രാജി എന്ന ആവശ്യം മയപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ തയ്യാറായത്.

 

വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന്‍ നിരാഹാര സമരം നടത്തുകയായിരുന്ന കെ. മുരളീധരന്‍ എം.എല്‍.എയും ബി.ജെ.പി നേതാവ് വി.വി രാജേഷും സമരം അവസാനിപ്പിച്ചു.