Skip to main content

സര്‍ക്കാരിനു വിജിലന്‍സ് കോടതിയുടെ രൂക്ഷവമിര്‍ശനം. കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് എന്തിനെന്ന് തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി ആരാഞ്ഞു. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു അഡീ.ചീഫ് സെക്രട്ടറി ടോം ജോസിനെ പരാമര്‍ശിച്ചുകൊണ്ടുള്ള ചോദ്യം.

 

ടോം ജോസ് അഴിമതി നടത്തിയെന്ന് കണ്ടെത്തിയതായും അനധികൃത സ്വത്ത് സമ്പാദനത്തിനടക്കം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ടോം ജോസിനെതിരെ നടപടി ആവശ്യപ്പെട്ട് 10 കത്തുകള്‍ വിജിലന്‍സ് ഡയറക്ടര്‍ ചീഫ് സെക്രട്ടറിക്ക് അയച്ചിരുന്നുവെന്ന്‍ വിജിലന്‍സ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോളായിരുന്നു കോടതിയുടെ പരാമര്‍ശം.

 

അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.എം.എബ്രഹാം, ടോം ജോസ്, എ.ഡി.ജി.പി ശ്രീലേഖ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ ഫയല്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പൂഴ്ത്തിയെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി ആറിലേക്ക് മാറ്റി.