Skip to main content

തിരുവനന്തപുരത്തെ ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കേരള സര്‍വകലാശാല നിയോഗിച്ച ഉപസമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇവിടെ വിദ്യാര്‍ഥികള്‍ രണ്ടാഴ്ചയിലേറെയായി സമരം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ സിൻഡിക്കേറ്റ് ഉപസമിതിയെ തെളിവെടുപ്പിനായി സര്‍വ്വകലാശാല നിയോഗിച്ചത്.

 

ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതിലും ഹാജര്‍ നല്‍കിയതിലും പക്ഷപാതം കാണിച്ചതായ ആരോപണങ്ങള്‍ വാസ്തവമാണെന്നാണ് സമിതിയുടെ നിഗമനം. ലേഡീസ് ഹോസ്റ്റലില്‍ സ്വകാര്യത ലംഘിക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ നടന്നുവെന്നുള്ള ആരോപണവും സത്യമാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. കേരള സര്‍വകലാശാലാ ചട്ടങ്ങള്‍ക്കും യു.ജി.സി വ്യവസ്ഥകള്‍ക്കും വിരുദ്ധമായാണ് അക്കാദമിയിലെ നടപടികളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

സമരം പരിഹരിക്കാൻ മന്ത്രി സി.രവീന്ദ്രനാഥ് ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ പ്രിൻസിപ്പൽ രാജിവയ്ക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ തീരുമാനമാകുന്നത് വരെ സമരം തുടരുമെന്നു വിദ്യാർഥി സംഘടനാ നേതാക്കൾ അറിയിച്ചു. വി.എസ്. അച്യുതാനന്ദൻ, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ എന്നിവർ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം വി. മുരളീധരൻ 48 മണിക്കൂർ ഉപവാസ സമരവും നടത്തുന്നുണ്ട്.