Skip to main content

സംസ്ഥാനത്ത് വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങൾ എക്സ്പ്ളോസീവ് വിഭാഗം കർശനമാക്കി. ഗുണ്ടും അമിട്ടും ഉള്‍പ്പെടെ സ്‌ഫോടകശേഷി കൂടുതലുള്ളവ ഉപയോഗിക്കരുതെന്ന് എക്‌സ്‌പ്ലോസീവ് വിഭാഗം തൃശൂർ പൂരം സംഘാടകര്‍ക്കും ജില്ലാ കളക്ടര്‍മാക്കും സര്‍ക്കുലര്‍ അയച്ചു. രാവിലെ 6 നും രാത്രി 10 നും ഇടയില്‍ വെടിക്കെട്ട് പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്ത് പൊട്ടാസ്യം ക്ളോറേറ്റടക്കമുള്ള നിരോധിത രാസവസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്നും എക്സ്പ്ളോസീവ് വിഭാഗം കണ്ടെത്തിത്തിയിട്ടുണ്ട്.

 

കൊല്ലം പുറ്റിങ്ങല്‍ അപകടത്തിന് ശേഷം നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. വെടിക്കെട്ടിന് അപേക്ഷിക്കുമ്പോൾ പ്രദേശത്തിന്‍റെ ശാസ്ത്രീയമായ അപകട സാധ്യാതാ പഠനം നടത്തി ദുരന്തനിവാരണ സംവിധാനങ്ങളൊരുക്കി ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകണം. ഇത് തൃപ്തികരമെങ്കിൽ മാത്രമേ വെടിക്കെട്ടിന് അനുമതി നൽകും. ശബ്ദതീവ്രതയും ദൂരപരിധിയും അടക്കം 2008ലെ എക്സ്പോളീസീവ് റൂളിലെ എല്ലാ നിബന്ധനകളും കർശനമാക്കിയുമാണ് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ളോസീവ് സർക്കുലർ ഇറക്കിയിരിക്കുന്നത്.

 

വെടിക്കെട്ടിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാന്‍ പാടില്ല, വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് മുമ്പ് ജില്ലാ കളക്ടര്‍ സ്ഥല പരിശോധന നടത്തണം, സ്ഥല പരിശോധനയില്‍ വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന സ്ഥലം സുരക്ഷിതവും അനുയോജ്യമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ അനുമതി നല്‍കാന്‍ പാടുള്ളു തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.

 

സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ മിക്കവയും സംസ്ഥാനത്ത് പ്രാബല്യത്തിലുള്ളതാണ്. എന്നാല്‍ ഇത് പാലിക്കാത്തിനെ തുടര്‍ന്നാണ് അപകടങ്ങള്‍ ഉണ്ടാകുന്നതെന്നാണ് എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ വിലയിരുത്തല്‍.