Skip to main content

മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം എം.കെ. ദാമോദരൻ ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍. വിവാദമായ നിയമനത്തിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

 

നിയമോപദേശക സ്ഥാനത്ത് എം.കെ. ദാമോദരനെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയിരുന്നുവെങ്കിലും അദ്ദേഹം സ്ഥാനം ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്ന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍,  അഡ്വക്കറ്റ് ജനറലുണ്ടായിരിക്കെ മുഖ്യമന്ത്രിക്ക് നിയമോപദേശം തേടാൻ മറ്റൊരു ഉപദേഷ്ടാവിന്റെ ആവശ്യമുണ്ടോയെന്നും പദവി ഭരണഘടനാപരമായി നിലനിൽക്കുമോയെന്നുമുള്ള വിഷയങ്ങൾ കോടതി പിന്നീട് പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ, ജസ്റ്റിസ് അനു ശിവരാമൻ എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

 

ലോട്ടറി കേസിൽ സാന്റിയാഗോ മാർട്ടിന് വേണ്ടിയും കശുവണ്ടി വികസന കോർപറേഷൻ അഴിമതിയാരോപണത്തിൽ വിജിലൻസ് കേസ് നേരിടുന്ന ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരനു വേണ്ടിയും ക്വാറി ഉടമകൾക്കുവേണ്ടിയും ദാമോദരൻ കോടതിയിൽ ഹാജരായത് വിവാദമാവുകയും നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. സാന്റിയാഗോ മാർട്ടിന്റെ കേസ് ഒഴികെ മറ്റുകേസുകളിൽ സർക്കാർ കക്ഷിയാണ്. ഗവൺമെന്റ് പ്രിന്‍സിസിപ്പൽ സെക്രട്ടറിക്ക് തുല്യമായ റാങ്കിലായിരുന്നു ദാമോദരന്റെ നിയമനം.

 

എന്നാൽ പ്രതിഫലം പറ്റാതെയാണ് ഉപദേശക പദവിയിൽ ദാമോദരൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹത്തിന് താൽപര്യമുള്ള കേസുകൾ വാദിക്കാന്‍ നിയമ തടസ്സമില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.