Skip to main content

yusufali kecheryമലയാള സാംസ്കാരിക മണ്ഡലത്തില്‍ നക്ഷത്ര സമാന സാന്നിദ്ധ്യമായിരുന്ന കവി യൂസഫലി കേച്ചേരി ഓര്‍മ്മയായി. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന 81-കാരനായ അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ശനിയാഴ്ചയാണ് അന്തരിച്ചത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച നടക്കും.
 

തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് കേച്ചേരിയില്‍ ജനിച്ച യൂസഫലി കേച്ചേരി വിഖ്യാത പണ്ഡിതന്‍ കെ.പി നാരായണ പിഷാരടിയുടെ കീഴിലാണ് സംസ്കൃതം അഭ്യസിച്ചത്. അദ്ദേഹം ഹിന്ദു ദൈവങ്ങളെ കുറിച്ച് പ്രത്യേകിച്ചും ശ്രീകൃഷ്ണനെ കുറിച്ച് എഴുതിയ യോഗാത്മക ദര്‍ശനപരമായ കവിതകള്‍ ശ്രദ്ധേയമായിരുന്നു. ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് തുടങ്ങിയ സാഹിത്യ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

ഒ.എന്‍.വി കുറുപ്പിനും പി. ഭാസ്കരനും ഒപ്പം ഒരുകാലത്ത് മലയാള ചലച്ചിത്ര രംഗത്തെ മുന്‍നിര ഗാനരചയിതാവ് ആയിരുന്നു യൂസഫലി കേച്ചേരി. യോഗാത്മകവും കാല്‍പ്പനികവുമായ ഭാവങ്ങള്‍ കവിത തുളുമ്പുന്ന ഭാഷയില്‍ അര്‍ദ്ധ ശാസ്ത്രീയ സംഗീത സ്പര്‍ശമുള്ള നൂറുകണക്കിന് ഗാനങ്ങളില്‍ അദ്ദേഹം സന്നിവേശിപ്പിച്ചു. ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും യൂസഫലി കേച്ചേരിയ്ക്ക് കേരള സമൂഹത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു.  

 

1971-ല്‍ നടന്‍ മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചിത്രത്തിന്‍റെ തിരക്കഥയും ഗാനങ്ങളും എഴുതിക്കൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിപ്പിച്ചത്. 1973-ല്‍ എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ മരം എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. വനദേവത (1977), നീലത്താമര (1979) എന്നിവയാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങള്‍.

 

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ എന്ന ചിത്രത്തിന് വേണ്ടി എഴുതിയ സംസ്കൃത ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. സുപ്രസിദ്ധ സംഗീതജ്ഞന്‍ നൗഷാദ്‌ അലി സംഗീതം നിര്‍വ്വഹിച്ച ധ്വനി എന്ന ചിത്രത്തിലെ നിത്യഹരിത ഗാനങ്ങള്‍ യൂസഫലി കേച്ചേരിയുടെ ഏറ്റവും മികച്ച ഗാനങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നവയായി കണക്കാക്കപ്പെടുന്നു.