Skip to main content
തിരുവനന്തപുരം

 

മദ്യനയത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍  നിയമസഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബുധനാഴ്ച നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. എന്നാല്‍ നയത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഇല്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു പറഞ്ഞു. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന്‍ ഇറങ്ങിപ്പോയി.

 

എ. പ്രദീപ് കുമാര്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ബാറുടമകളുടെ ബന്ദിയാണ് സർക്കാരെന്നും ബിജു രമേശിന്റെ മൊഴി പുറത്തുവന്നാൽ പല പ്രമുഖരും അഴിയെണ്ണുമെന്നും പ്രദീപ് കുമാർ ആരോപിച്ചു.

 

ബാർ കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അഡ്വക്കേറ്റ് ജനറലിനെ നീക്കണമെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. സര്‍ക്കാറിനെ കുഴപ്പത്തിലാക്കുന്ന റിപ്പോര്‍ട്ട് നല്‍കരുതെന്ന് എ.ജി വിജിലന്‍സ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും വി.എസ് ആരോപിച്ചു. എ.ജി ഈ കേസ് വാദിച്ചാല്‍ സര്‍ക്കാര്‍ പരാജയപ്പെടുകയേ ഉള്ളൂവെന്നും വി.എസ് പറഞ്ഞു.

 

മദ്യനിരോധനത്തിന്റെ അടിസ്ഥാന നയത്തിൽ മാറ്റമില്ലെന്ന് മന്ത്രി കെ.ബാബു നോട്ടീസിനുള്ള മറുപടിയില്‍  പറഞ്ഞു. ബിയര്‍, വൈന്‍ പാര്‍ലറുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന്‍ മന്ത്രി അറിയിച്ചു. വ്യാപകമായി മദ്യം ഒഴുകുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

 

നയം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനാണ് പ്രായോഗികമായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നയം പ്രഖ്യാപിച്ചതിനു ശേഷം പത്ത് ബാർ തൊഴിലാളികൾ ആത്മഹത്യ ചെയ്ത സാഹചര്യം കൂടി കണക്കിലെടുത്താണ് മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറലിനു മേൽ സർക്കാരിന് അവിശ്വാസമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.